കണ്ണൂർ: സംസ്ഥാനത്തെ അങ്കണവാടികളിലൂടെ മാത്രം വിതരണംചെയ്യേണ്ട കുഞ്ഞുങ്ങളുടെ പോഷാകാഹാരക്കിറ്റ്-അമൃതം ന്യൂട്രിമിക്സ് കടകളിൽ വിൽക്കുന്നു. ഒരു പായ്ക്കറ്റിന് 50 രൂപ എന്ന നിരക്കിലാണ് ഇവ കടകളിൽ കിട്ടുന്നത്. സംയോജിത ശിശുവികസനസേവന പദ്ധതിപ്രകാരം വിതരണംചെയ്യുന്ന പൂരക പോഷകാഹാരമാണ് ഇത്. കുടുംബശ്രീ തയ്യാറാക്കുന്ന ഉത്പന്നം അങ്കണവാടി ഗുണഭോക്താക്കൾക്കുവേണ്ടി മാത്രമുള്ളതാണ്.

വിൽപ്പനയ്ക്കല്ലെന്ന് കവറിന്റെപുറത്ത് വ്യക്തമായി മലയാളത്തിൽ എഴുതിയിട്ടുണ്ട്. വനിതാ-ശിശുവികസനവകുപ്പ് അങ്കണവാടികളിലൂടെ മാത്രം വിതരണംചെയ്യുന്നു എന്നും കവറിന് പുറത്തുകാണാം. കേരള സർക്കാർ-വനിതാ ശിശുവികസനവകുപ്പ് ആറുമാസംമുതൽ മൂന്നുവയസ്സുവരെയുള്ള കുഞ്ഞുങ്ങൾക്ക് നൽകുന്ന രുചിയേറിയതും വിലക്കുറവുള്ളതുമായ ബേബിഫുഡാണ് അമൃതം. കുഞ്ഞുങ്ങളുടെ ആഹാര അളവിനനുസരിച്ച് ഒരു മാസം 3.375 കിലോഗ്രാംവരെ നൽകും. ഓരോ ജില്ലകളിലും കുടുംബശ്രീ യൂണിറ്റുകളാണ് അമൃതം ന്യൂട്രിമിക്സ് ഉത്പാദിപ്പിക്കുന്നത്. സംസ്ഥാനത്തെ ലക്ഷക്കണക്കിന് കുട്ടികൾക്ക് ഇത്‌ വിതരണംചെയ്യുന്നു.

അമൃതം എന്ന ബേബിഫുഡ്

അമൃതം ന്യൂട്രിമിക്സ് വികസിപ്പിച്ചത് സി.പി.സി.ആർ.ഐയിലെ ഫുഡ് സയൻസ് ആൻഡ് ന്യൂട്രീഷ്യൻ ചീഫ് ടെക്‌നിക്കൽ ഓഫീസർ ആയിരുന്ന ഡോ. നിലോഫറിന്റെ നേതൃത്വത്തിലാണ്. അമിനോ അമ്ലങ്ങളുടെയും വിറ്റാമിനുകളുടെയും കലവറയാണിത്. ഇതിൽ കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളുണ്ട്. ഗോതമ്പ്, സോയാബീൻ, നിലക്കടല, കടലപ്പരിപ്പ് തുടങ്ങിയവ ചേർത്തുണ്ടാക്കുന്നതാണിത്. സാധാരണ പഞ്ചസാരയാണ് ഇതിൽ ചേർക്കുന്നത്. പഞ്ചസാരയ്ക്കുപകരം ‘കോക്കനട്ട് ഷുഗർ’ ചേർത്തും പരീക്ഷണം നടത്തിയിരുന്നു.

അന്വേഷിക്കും

അങ്കണവാടി ഗുണഭോക്താക്കളിൽ മാത്രം വിതരണംചെയ്യാനുള്ളതാണ് അമൃതം ന്യൂട്രിമിക്സ്. പുറത്ത് കടകളിൽ വിൽക്കാൻ പാടില്ല. കടകളിൽ വിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ഉണ്ടെങ്കിൽ അന്വേഷിക്കും.- പി.ജെ.മഞ്ജു, ഐ.സി.ഡി.എസ്. ജില്ലാ പ്രോഗ്രാം ഓഫീസർ.

Content Highlights: Amrutham Nutrimix, Kudumbasree