അമ്പലപ്പുഴ: മഴയിലും തകരാതെ ദീര്‍ഘകാലം നിലനില്‍ക്കുന്ന റോഡുകള്‍ നിര്‍മിക്കാന്‍ തയ്യാറായി ദക്ഷിണ കൊറിയന്‍ സംഘം.

ആലപ്പുഴ ജില്ലയിലെ ജര്‍മ്മന്‍ സാങ്കേതികവിദ്യയിലുള്ള പുനര്‍നിര്‍മാണം കളര്‍കോട് എസ്.ഡി. കോളേജിന് സമീപം സംഘം വിലയിരുത്തിയ കൊറിയന്‍ വിദഗ്ധസംഘമാണ് ഇക്കാര്യം അറിയച്ചത്.

കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കൂടുതല്‍ മെച്ചപ്പെട്ട സാങ്കേതികവിദ്യയും നിര്‍മാണസാമഗ്രികളും വികസിപ്പിച്ചെടുത്ത് പരീക്ഷിക്കാമെന്നും സംഘം അറിയിച്ചു. കൊല്ലം ടി.കെ.എം. എന്‍ജിനീയറിങ് കോളേജ് നടത്തുന്ന ഗവേഷണപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സംഘമെത്തിയത്.

കൊറിയ കണ്‍ഫോര്‍മിറ്റി ലബോറട്ടറീസിലെ വിദഗ്ധന്‍ ഡോ.ജോ യോങ് ജിന്‍, മാനേജര്‍ കിം ത്വാക് കി, കൊറിയന്‍ കമ്പനിയായ സാംസങ് ആസ്‌കോണ്‍ വൈസ് പ്രസിഡന്റ് ലീ സാങ് ചോള്‍, വകുപ്പ് മേധാവി ജങ് ജൂ മിന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ടി.കെ.എം. കോളേജ് പ്രിന്‍സിപ്പല്‍ ഡോ.എസ്.അയൂബിന്റെ നേതൃത്വത്തിലെത്തിയ സംഘത്തില്‍ കൊറിയയില്‍ ജോലിചെയ്യുന്ന ആലപ്പുഴ സ്വദേശി ഡോ.എസ്.ആര്‍.രാജേഷും ഉണ്ടായിരുന്നു.

ബുധനാഴ്ച തിരുവനന്തപുരം കിളിമാനൂരില്‍ പൊതുമരാമത്ത് വകുപ്പിന്റെ ടാര്‍ മിക്‌സിങ് പ്ലാന്റ് സന്ദര്‍ശിക്കും. പൊതുമരാമത്ത് മന്ത്രി ജി.സുധാകരനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാകും സംഘം മടങ്ങുക.