k maheswariyammaഅമ്പലപ്പുഴ: തൊഴിലാളിനേതാവും പാര്‍ലമെന്റംഗവുമായിരുന്ന ആര്‍.എസ്.പി.നേതാവ് എന്‍.ശ്രീകണ്ഠന്‍ നായരുടെ ഭാര്യ കെ.മഹേശ്വരിയമ്മ (88) അന്തരിച്ചു. സാമൂഹിക രാഷ്ട്രീയ മേഖലകളില്‍ നിറഞ്ഞുനിന്ന ഇവര്‍ പക്ഷാഘാതത്തെത്തുടര്‍ന്ന് പതിമൂന്നുവര്‍ഷമായി വിശ്രമജീവിതത്തിലായിരുന്നു.

ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു അന്ത്യം. പ്രിയതമന്റെ ഓര്‍മകള്‍ക്ക് കൂട്ടായി ശ്രീകണ്ഠന്‍ നായരുടെ കുടുംബവീടായ അമ്പലപ്പുഴ ജാനകിസദനത്തില്‍ വളര്‍ത്തുമകള്‍ എം.നാജയ്ക്കും കുടുംബത്തിനുമൊപ്പമായിരുന്നു മഹേശ്വരിയമ്മ താമസം. സ്വാതന്ത്ര്യസമരസേനാനിയും അധ്യാപകനുമായിരുന്ന കെ.കെ.കുഞ്ചുപിള്ളയുടെയും സാമൂഹികപ്രവര്‍ത്തകയായിരുന്ന കാര്‍ത്ത്യായനിയമ്മയുടെയും മകളാണ്. കരുമാടി കാങ്കോലില്‍ കുടുംബാംഗം. സ്വാതന്ത്ര്യസമരസേനാനിയും നിയമസഭാംഗവുമായിരുന്ന കെ.കെ.കുമാരപിള്ള സഹോദരനാണ്. കര്‍ഷകകുടുംബത്തില്‍ ജനിച്ചുവളര്‍ന്ന മഹേശ്വരിയമ്മ സ്‌കൂള്‍ വിദ്യാഭ്യാസകാലത്ത് വിദ്യാര്‍ഥി കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകയായിരുന്നു.
 
1948ല്‍ 19-ാം വയസ്സില്‍ എന്‍.ശ്രീകണ്ഠന്‍ നായരുടെ ഭാര്യയായി. 1952ല്‍ അമ്പലപ്പുഴയില്‍ രൂപംകൊണ്ട മഹിളാസമാജത്തിന്റെ സെക്രട്ടറിയായാണ് മഹേശ്വരിയമ്മയുടെ പൊതുജീവിതം ആരംഭിക്കുന്നത്. 16 വര്‍ഷം അമ്പലപ്പുഴ ബ്ലോക്ക് ഡെവലപ്‌മെന്റ് കമ്മിറ്റി ചെയര്‍പേഴ്‌സണായി പ്രവര്‍ത്തിച്ചു. ആറുവര്‍ഷം സംസ്ഥാന സാമൂഹികക്ഷേമ ബോര്‍ഡിന്റെ അംഗമായി. 1988ലും 1995ലും സി.പി.ഐ.ടിക്കറ്റില്‍ അമ്പലപ്പുഴ ഗ്രാമപ്പഞ്ചായത്തംഗമായി.

2000ല്‍ അമ്പലപ്പുഴ ഡിവിഷനില്‍നിന്ന് വിജയിച്ച ഇവര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. ചവറ പ്രിമോ പൈപ്പ് ഫാക്ടറി ഡയറക്ടര്‍ ബോര്‍ഡംഗം, കരിനില കര്‍ഷകസംഘം പ്രസിഡന്റ് തുടങ്ങിയ ചുമതലകളും വഹിച്ചിട്ടുണ്ട്. ആരോഗ്യകാരണങ്ങളാല്‍ 2005ല്‍ പൊതുരംഗത്തുനിന്ന് വിട്ടുനില്‍ക്കേണ്ടിവന്നു. വിശ്രമജീവിതത്തിനിടെ 'മഹാമേരുക്കളുടെ നിഴലില്‍' എന്ന ആത്മകഥ പുറത്തിറക്കി.
 
'ഒരിക്കലും മരിക്കാത്ത സത്യങ്ങള്‍' എന്ന ഡോക്യുമെന്ററിയും തയ്യാറാക്കി. നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കൃഷ്ണകുമാരി, പരേതരായ മീനാക്ഷിയമ്മ, വിജയലക്ഷ്മിയമ്മ എന്നിവരാണ് മറ്റ് സഹോദരങ്ങള്‍. ശവസംസ്‌കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് അമ്പലപ്പുഴ ജാനകിസദനം വീട്ടുവളപ്പില്‍ എന്‍.ശ്രീകണ്ഠന്‍ നായരുടെ അന്ത്യവിശ്രമസ്ഥലത്തിനരികില്‍ നടക്കും. എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി., ഡി.സി.സി.പ്രസിഡന്റ് എം.ലിജു, ബി.ജെ.പി. സംസ്ഥാനാധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ എന്നിവര്‍ അനുശോചിച്ചു.