കൊച്ചി: ‘അമ്മ’യിൽനിന്ന് നടൻ ദിലീപിനെ പുറത്താക്കുന്നത് സംബന്ധിച്ച വിവാദത്തിൽ സത്യവും നീതിയും തങ്ങളുടെ ഭാഗത്താണെന്ന് ഡബ്ല്യു.സി.സി. അംഗം രേവതി. പത്രസമ്മേളനം നടത്തി ‘അമ്മ’ ജനറൽ സെക്രട്ടറി സിദ്ദിഖ് ഉൾപ്പെടെയുള്ളവർ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറയാനില്ലെന്നും ‘മാതൃഭൂമി ഡോട്ട് കോമി’ന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ രേവതി പറഞ്ഞു.

ദിലീപ് രാജിക്കത്ത് നൽകിയതറിഞ്ഞശേഷമാണ് തങ്ങൾ വാർത്താസമ്മേളനം നടത്തിയതെന്ന ആരോപണം അവർ നിഷേധിച്ചു. അമ്മ എക്സിക്യുട്ടീവിന്റെ കത്തു ലഭിച്ചപ്പോഴാണ് വാർത്താസമ്മേളനം നടത്തിയത്. അതിനുശേഷമാണ് ദിലീപ് രാജിക്കത്ത് നൽകിയെന്ന അഭ്യൂഹം പോലുമറിയുന്നത്. ദിലീപ് വിഷയത്തിൽ എക്സിക്യുട്ടീവ് കമ്മിറ്റിയുടെ തീരുമാനമറിയിച്ചുകൊണ്ടുള്ള കത്ത് ഒക്ടോബർ 11 -നാണ് ലഭിച്ചത്. ഇതേത്തുടർന്നായിരുന്നു പത്രസമ്മേളനം- അവർ പറഞ്ഞു.

ഡബ്ല്യു.സി.സി. ഉന്നയിച്ച വിഷയങ്ങളിൽ മറുപടിയില്ലാത്തതിനാലാണ് അവർ മറ്റു കാര്യങ്ങൾ പറയുന്നത്. നിയമപരമായും നൈതികമായും ധാർമികമായും ഞങ്ങൾ പറയുന്നതാണ് ശരിയും സത്യവും. തനിക്കെതിരേ നിശിതവിമർശനമുയർത്തിയ കെ.പി.എ.സി. ലളിതയുടെ വാക്കുകളോട് പ്രതികരിക്കാൻ അവർ തയ്യാറായില്ല. ചേച്ചിയെക്കുറിച്ച് എനിക്കൊന്നും പറയാൻ പറ്റില്ല. എന്റെ ആദ്യത്തെ സിനിമതൊട്ട് അറിയാവുന്ന ആളാണ്. ആ സിനിമയിലൊക്കെ എന്റെ അമ്മയെപ്പോലെ എന്നെ നോക്കിയിരുന്നു- രേവതി പറഞ്ഞു.