കൊച്ചി: സ്റ്റേജ് ഷോ നടത്താൻ താരങ്ങളെ വിട്ടുകൊടുക്കുന്നത് സംബന്ധിച്ച് നടീനടന്മാരുടെ സംഘടനയായ ‘അമ്മ’യും നിർമാതാക്കളും തമ്മിലുള്ള തർക്കത്തിൽ തീരുമാനമായില്ല. വിദേശത്തുള്ള ‘അമ്മ’ പ്രസിഡന്റ് മോഹൻലാൽ തിരിച്ചെത്തിയശേഷമാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാവുക.

‘അമ്മ’യുടെ സ്റ്റേജ് ഷോയ്ക്കുവേണ്ടി ഷൂട്ടിങ് നിർത്തി താരങ്ങളെ വിട്ടുകൊടുക്കാനാകില്ലെന്ന് നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പറഞ്ഞതാണ് തർക്കത്തിന് കാരണം. ഇക്കാര്യം ചൂണ്ടിക്കാട്ടി അസോസിയേഷൻ ‘അമ്മ’യ്ക്ക് കത്തയച്ചിരുന്നു. അസോസിയേഷനുമായി സഹകരിക്കാതെ ഏകപക്ഷീയമായിട്ടാണ് ‘അമ്മ’ പലപ്പോഴും തീരുമാനങ്ങളെടുക്കുന്നത്‌ എന്നായിരുന്നു കത്തിലെ പ്രധാന പരാമർശം.

നിർമാതാക്കളോട് താരങ്ങൾ കാണിക്കുന്ന നിസ്സഹകരണവും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ അയച്ച കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തുക സമാഹരിക്കാൻ ഡിസംബറിലാണ് ‘അമ്മ’ സ്റ്റേജ് ഷോ നടത്തുന്നത്. ഷൂട്ടിങ്ങിനിടെ താരങ്ങളെ ഒരാഴ്ചത്തേക്ക് നൽകണമെന്ന്‌ ആവശ്യപ്പെട്ട് അമ്മ സെക്രട്ടറി പ്രൊഡക്‌ഷൻ കൺട്രോളർമാർക്ക് വാട്സാപ്പിലൂടെയാണ് സന്ദേശമയച്ചത്.

എന്നാൽ, നേരത്തേ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ കെട്ടിട നിർമാണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സഹായിക്കുന്നതിനായി സ്റ്റേജ് ഷോ നടത്താമെന്ന് ‘അമ്മ’ പറഞ്ഞിരുന്നെങ്കിലും പിന്നീട് നടപടികളൊന്നുമുണ്ടായിരുന്നില്ല. ഇതും അസോസിയേഷനെ ചൊടിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന.