കൊച്ചി: മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ ഭരണഘടന ഭേദഗതിചെയ്യുന്നത് കൂടുതൽ ചർച്ചകൾക്കു മാറ്റിയതായി പ്രസിഡന്റ് മോഹൻലാൽ. ഭരണഘടനാഭേദഗതിയെക്കുറിച്ച് ജനറൽബോഡിയിൽ രാവിലെമുതൽ ചർച്ച നടന്നു.

മമ്മൂട്ടിയടക്കമുള്ളവർ നിർദേശങ്ങൾ ഉന്നയിച്ചിട്ടുണ്ട്. വൈകീട്ടുവരെനടന്ന ചർച്ചയിൽ എല്ലാ അംഗങ്ങൾക്കും അഭിപ്രായം പറയാൻ സാധിച്ചില്ല. കൂടുതൽ അഭിപ്രായങ്ങൾ എഴുതിനൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവ ചർച്ചചെയ്യാൻ വീണ്ടും ജനറൽബോഡി ചേരണമെങ്കിൽ ചേരും. ഇത് എന്നുവേണമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. അഭിപ്രായങ്ങൾ അറിയിക്കാൻ സമയപരിധി മുന്നോട്ടുവെച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സംഘടനയിൽനിന്ന് പുറത്തുപോയവർക്ക് എപ്പോൾ വേണമെങ്കിലും മടങ്ങിവരാം. എന്നാൽ, ഇക്കാര്യത്തിൽ അപേക്ഷ നൽകുന്നതടക്കമുള്ള ചട്ടങ്ങൾ പാലിക്കണമെന്നും മോഹൻലാൽ പറഞ്ഞു.

സംഘടനാനേതൃത്വത്തിൽ സ്ത്രീപ്രാതിനിധ്യം ഉറപ്പാക്കുന്നതടക്കമുള്ള ഭരണഘടനാഭേദഗതിയാണ് ജനറൽ ബോഡിയിൽ അവതരിപ്പിച്ചതെന്നാണു വിവരം. എന്നാൽ, ഇക്കാര്യം സംഘടനയുടെ വക്താവായിക്കൂടി നിയോഗിക്കപ്പെട്ട മോഹൻലാൽ സ്ഥിരീകരിച്ചില്ല. ഒട്ടേറെ വിഷയങ്ങൾ ഭേദഗതിയായി നിർദേശിച്ചിട്ടുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.

നടി പാർവതി തിരുവോത്തും രേവതിയും അവരുടെ അഭിപ്രായങ്ങൾ ജനറൽബോഡിയിൽ പറഞ്ഞു. ഇതിൽ ചർച്ചചെയ്തു തീരുമാനമെടുക്കും.

2021-ലാണ് സംഘടനയുടെ ഭാരവാഹി തിരഞ്ഞെടുപ്പ് അടക്കമുള്ള കാര്യങ്ങൾ നടക്കുന്നത്. അതിനുമുമ്പ്‌ ഭരണഘടനാ ഭേദഗതിയടക്കമുള്ള വിഷയങ്ങളിൽ തീരുമാനമുണ്ടാകുമെന്ന് ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.

അന്തരിച്ച നടൻ തിലകനെ ‘അമ്മ’യുടെ പ്രതിഭാധനരായ അംഗങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തി. പത്തുപേർക്കുകൂടി അമ്മയുടെ ‘കൈനീട്ടം’ നൽകും. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയുമായി സഹകരിച്ച് വർഷം 15 ലക്ഷം രൂപയുടെ മരുന്ന് ലഭ്യമാക്കുന്ന പദ്ധതിക്ക് രൂപംനൽകിയിട്ടുണ്ട്.

യോഗത്തിൽ തങ്ങളുടെ അഭിപ്രായം പറയാൻ കഴിഞ്ഞതായി ഡബ്ല്യു.സി.സി. അംഗങ്ങൾകൂടിയായ പാർവതി തിരുവോത്തും രേവതിയും പറഞ്ഞു. പത്രസമ്മേളനത്തിൽ വൈസ് പ്രസിഡന്റുമാരായ ഗണേഷ് കുമാർ, മുകേഷ്, സെക്രട്ടറി സിദ്ദിഖ്, ഖജാൻജി ജഗദീഷ് എന്നിവരും പങ്കെടുത്തു.

content highlights: AMMA general body meeting