തിരുവനന്തപുരം: മുഖ്യമന്ത്രിയോടുള്ള ചോദ്യങ്ങളിൽ കേന്ദ്രമന്ത്രി അമിത്ഷാ ഉന്നയിച്ച സംശയകരമായ മരണം ആരുടേതെന്നതിന് ഉത്തരം തേടി കേരളം. ഇതുവരെയാരും ഉന്നയിച്ചിട്ടില്ലാത്ത ആരോപണമാണ് ബി.ജെ.പി. വിജയയാത്രയുടെ സമാപനസമ്മേളനത്തിൽ കേന്ദ്രമന്ത്രി ഉയർത്തിയത്.

പിണറായി വിജയനോട് എട്ടുചോദ്യങ്ങളാണ് സ്വർണം, ഡോളർക്കടത്തുകേസുകളുമായി ബന്ധപ്പെടുത്തി അമിത് ഷാ ചോദിച്ചത്. ‘ഒരു സാക്ഷി സംശയാസ്പദമായി മരിച്ചു, അതേപ്പറ്റി ശരിയായ ദിശയിൽ അന്വേഷണം നടത്തിയോ’ എന്നായിരുന്നു ചോദ്യം. ഇത് പുതിയൊരു ആരോപണമായതിനാലാണ് ഊഹാപോഹങ്ങൾക്ക് ഇടവരുത്തിയതും.

അമിത്ഷാ മടങ്ങിയ ശേഷം ഞായറാഴ്ച രാത്രിതന്നെ ബി.ജെ.പി. നേതാക്കളുടെ യോഗത്തിൽ ചോദ്യം സംസാരവിഷയമായി. സമീപകാലത്ത് ഒരുമാധ്യമപ്രവർത്തകന്റേതടക്കമുള്ള സംശയകരമായ മരണങ്ങളുമായി ബന്ധപ്പെടുത്താൻ നോക്കിയെങ്കിലും പൊരുത്തപ്പെടുന്നില്ല. സ്വർണക്കടത്തിനെപ്പറ്റി പല വെളിപ്പെടുത്തലും നടത്തിയ സംസ്ഥാനത്തെ ബി.ജെ.പി. നേതൃത്വമോ മറ്റെതെങ്കിലും പാർട്ടികളോ ഇത്തരമൊരു ആരോപണം ഇതുവരെ ഉന്നയിച്ചിട്ടില്ല. അഴിമതിയുടെ കൂടുതൽ വിവരങ്ങൾ കൈവശമുണ്ടെന്നും അമിത്ഷാ പറഞ്ഞിരുന്നു.

ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറയണമെന്നും മരണത്തെപ്പറ്റി അറിയില്ലെന്നുമാണ് തിങ്കളാഴ്ച ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞത്. വെളിപ്പെടുത്തൽ നടത്തിയത് ആഭ്യന്തര മന്ത്രിയായതിനാൽ അത് വെറുതേ പറഞ്ഞതായിരിക്കില്ല. കൂടുതൽ കാര്യങ്ങൾ അദ്ദേഹം പറയുമെന്നായിരുന്നു നേതൃത്വത്തിന്റെ വിശദീകരണം. സർക്കാരിന്റെയോ സി.പി.എമ്മിന്റെയോ ഭാഗത്തുനിന്നും കാര്യമായി ആരും പ്രതികരിച്ചിട്ടില്ല.

സംഗീതജ്ഞൻ ബാലഭാസ്കറിന്റെ മരണത്തിനുപിന്നിൽ സ്വർണക്കടത്തുകാർക്ക് പങ്കുണ്ടെന്ന ആരോപണം സി.ബി.ഐ. വരെ അന്വേഷിച്ചതാണ്. ദുരൂഹതയില്ലെന്നാണ് കുറ്റപത്രത്തിലുള്ളതും. യു.എ.ഇ. കോൺസുലേറ്റിലെ ഗൺമാൻ ജയഘോഷിന്റെ ആത്മഹത്യശ്രമത്തെ തെറ്റിദ്ധരിപ്പിച്ചതാകാമെന്ന സംശയവുമുയർന്നു. ഇതിനിടെയാണ് കാരാട്ട് റസാഖ്‌ എം.എൽ.എയുടെ സഹോദരൻ രണ്ടുവർഷംമുമ്പു മരിച്ചതുമായി ബന്ധപ്പെടുത്താൻ ശ്രമമുണ്ടായത്. അമിത്ഷാ കേരളത്തിൽ ഈ മാസം വീണ്ടുമെത്തുമ്പോൾ കൂടുതൽ വെളിപ്പെടുത്തലുണ്ടാവുമെന്ന് കരുതുന്നവരുമുണ്ട്.

ഏതാണ് ആ സംശയാസ്പദ മരണം?

അതേസമയം ഏതെങ്കിലും മരണത്തെക്കുറിച്ചു സംശയമുണ്ടെങ്കില്‍ എഴുതിത്തന്നാല്‍ അന്വേഷിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി അമിത്ഷാ ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടിയെന്നോണമാണ് പിണറായിയിലെ ഇടതുമുന്നണി സ്വീകരണത്തില്‍ മുഖ്യമന്ത്രി സംസാരിച്ചത്.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സംശയാസ്പദമായി ഉണ്ടായ മരണത്തെക്കുറിച്ച് അന്വേഷണം നടത്തിയോ എന്നാണ് അമിത്ഷാ ചോദിച്ചത്. ഒരു സംഭവമുണ്ടായാല്‍ അത് നിഷ്പക്ഷമായി അന്വേഷിക്കുന്നതാണ് കേരളത്തിലെ പോലീസിന്റെ രീതി. അമിത്ഷാ പരമാര്‍ശിച്ച സംശയാസ്പദ മരണത്തെക്കുറിച്ച് ബി.ജെ.പി. നേതാക്കളോടു ചോദിച്ചെങ്കിലും വ്യക്തമായ മറുപടിയുണ്ടായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Content Highlights: Amit Shah's remark over mysterious death raises questions in Kerala