കാളികാവ്: കോവിഡ് കാലത്ത് പേടി മാറ്റിവെച്ച് വളയംപിടിച്ചവരാണ് ആംബുലൻസ് ഡ്രൈവർവർമാർ. അക്കൂട്ടത്തിലൊരാളായ, പത്ത് മാസമായി വിശ്രമമില്ലാതെ 926 പേരെ ആശുപത്രിയിലെത്തിച്ച, ചോക്കാടിലെ 108 ഡ്രൈവർ തൈതൊടിക മുഹമ്മദ് കുട്ടി ഇപ്പോൾ കോവിഡിന്റെ പിടിയിലാണ്.

ഒടുവിൽ വളയംപിടിച്ച ആംബുലൻസിൽ 927-ാമനായി ആശുപത്രിയിലെത്തിയത് മുഹമ്മദ് കുട്ടിയായിരുന്നു. മുൻസീറ്റിൽ മാത്രം ഇരുന്നിരുന്നയാളെ പിൻസീറ്റിലിരുത്തി ആശുപത്രിയിൽ എത്തിച്ചു. . കോവിഡ് പരിശോധനയ്ക്ക് കൊണ്ടുപോയവരെയടക്കം ആയിരത്തിലേറെപേരെ മുഹമ്മദ് കുട്ടി കോവിഡ് കാലത്ത് ആശുപത്രിയിലെത്തിച്ചു.

പേടികൂടാതെ വളയം പിടിക്കുന്നതിനിടയിൽ ഗ്രാമപ്പഞ്ചായത്ത് തിരഞ്ഞെടുപ്പിലും മുഹമ്മദ് കുട്ടി ഒരു കൈ നോക്കി. പക്ഷെ വിജയം അനുഗ്രഹിച്ചില്ല. 108-ലേക്ക് വിളിവന്നാൽ പ്രചാരണം അവസാനിപ്പിച്ച് മുഹമ്മദ് കുട്ടി ആംബുലൻസുമായി ചീറിപ്പായും. ട്രോമാകെയർ പ്രവർത്തകൻ കൂടിയാണ് മുഹമ്മദ് കുട്ടി. കരിപ്പൂർ വിമാനദുരന്തത്തിലടക്കം മുഹമ്മദ്കുട്ടിയുടെ സേവനത്തിന്റെ െെകയൊപ്പ് പതിഞ്ഞിട്ടുണ്ട്.