അമ്പലപ്പുഴ: ‘ഞാൻ രക്ഷപ്പെട്ടു. ഇവർ എന്നെ രക്ഷപ്പെടുത്തി. ഇനി നാട്ടിൽവന്ന് മകനെ ഒന്നുകാണണം’. അൻഷാദ് കരയുകയായിരുന്നോ ചിരിക്കുകയായിരുന്നോ എന്ന് ഭാര്യ റാഷിദയ്ക്ക് മനസ്സിലായില്ല. ചൊവ്വാഴ്ച രാത്രിയിലായിരുന്നു ആ വിളി.

സൗദി അറേബ്യയിലെ മരുഭൂമിയിൽ രണ്ടുവർഷത്തിലേറെ നീണ്ട ആടുജീവിതത്തിൽനിന്ന് മോചിതനായ അൻഷാദ് ബുധനാഴ്ച വൈകീട്ട് വീഡിയോ കോളിലൂടെ താൻ വഞ്ചിക്കപ്പെട്ടതും രക്ഷപ്പെട്ടതും വിവരിച്ചു. തന്റെ ദുരിതകഥ പ്രസിദ്ധപ്പെടുത്തി മോചനത്തിന് വഴിതുറന്നതിന് മാതൃഭൂമിക്ക് പ്രത്യേകം നന്ദിയും പറഞ്ഞു.

ബെന്യാമിന്റെ ആടുജീവിതം നോവലിന് സമാനമായ അൻഷാദിന്റെ ദുരിതകഥ ഈമാസം ഒൻപതിന് ‘മാതൃഭൂമി’ പ്രസിദ്ധീകരിച്ചിരുന്നു. ഇതുകണ്ട് നിരവധി സംഘടനകളും വ്യക്തികളും അൻഷാദിനെ രക്ഷപ്പെടുത്താനായി പ്രവർത്തിച്ചു.

അമ്പലപ്പുഴ കാക്കാഴം സ്വദേശി അൻഷാദ് 2017 ഒക്ടോബർ 18-നാണ് സൗദിയിലെത്തിയത്. ആ കഥ അൻഷാദിന്റെ വാക്കുകളിൽ: സൗദി പൗരന്റെ വീട്ടിൽ അതിഥികൾക്ക് ചായയും പലഹാരങ്ങളും നൽകുന്ന ജോലിയാണെന്നാണ് എന്നോട് പറഞ്ഞിരുന്നത്. വിസയ്‌ക്കും ടിക്കറ്റിനുമായി 45500 രൂപയും വാങ്ങി. അവിടെയെത്തിയപ്പോൾ മരുഭൂമിയിൽ ഒട്ടകങ്ങളെ മേയ്‌ക്കാനാണ് കഫീൽ പറഞ്ഞത്. ക്രൂരനായിരുന്നു അയാൾ. ശമ്പളമില്ല. മൊബൈൽ ഫോൺ വാങ്ങിവച്ചു. ഭക്ഷണവും വെള്ളവും പോലും തന്നില്ല. മരുഭൂമിയിൽ ഒട്ടകങ്ങളെ മേയ്‌ക്കുന്ന സുഡാനികളും ബംഗാളികളും തന്ന ഭക്ഷണം കഴിച്ചാണ് ജീവൻ നിലനിർത്തിയത്.

പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻപോലും സൗകര്യമില്ലാത്ത ടെന്റിലായിരുന്നു താമസം. കടുത്ത ജോലിക്കിടെ കഫീലിന്റെ ക്രൂരമർദനവും. കാറിടിപ്പിക്കുകയും കമ്പിവടിക്കടിക്കുകയുമെല്ലാം ചെയ്തു. എല്ലാം സഹിച്ചു. രക്ഷപ്പെടാനാകുമെന്ന്‌ വിചാരിച്ചതേയില്ല. രണ്ടുവർഷത്തെ കരാറായതിനാൽ അതുകഴിഞ്ഞ് വിടാമെന്നു പറഞ്ഞു. ഇതിനിടെയിൽ ടെന്റിൽനിന്ന് പുറത്തുചാടി മരുഭൂമിയിലൂടെ 90 കിലോമീറ്റർ നടന്ന് പോലീസ് സ്റ്റേഷനിലെത്തിയെങ്കിലും നീതികിട്ടിയില്ല. അവർ തിരികെ കഫീലിന്റെ അടുത്തുതന്നെ എത്തിച്ചു. ചൊവ്വാഴ്ച പോലീസ് എത്തി എംബസി ഉദ്യോഗസ്ഥരും പ്രവാസി സന്നദ്ധ സംഘടനാ പ്രവർത്തകരുമെത്തിയെന്നുപറഞ്ഞ് തന്നെ കൂട്ടിക്കൊണ്ട് പോകുകയായിരുന്നു. രണ്ടുവർഷത്തെ ശമ്പളവും വാങ്ങിത്തന്നു. നന്ദി എല്ലാവർക്കും.

ഇന്ത്യാ ഫ്രട്ടേണിറ്റി ഫോറത്തിന്റെയും സൗദിയിലെ ഇന്ത്യൻ എംബസിയുടെയും വൊളന്റിയറായ കൊല്ലം സ്വദേശി നൗഷാദിന്റെ സംരക്ഷണത്തിലാണ് അൻഷാദ് ഇപ്പോൾ.

സൗദി വിടാനുള്ള അനുമതിയായാൽ അടുത്തദിവസംതന്നെ അൻഷാദ് കേരളത്തിലേക്ക് മടങ്ങും.

Content Highlights: ambalappuzha native anshad rescued from saudi arabia