ആലുവ: നിയന്ത്രണംവിട്ട കാർ ആലുവ മെട്രോ തൂണിൽ ഇടിച്ചുണ്ടായ അപകടത്തിൽ വിദ്യാർഥി മരിച്ചു. ഒപ്പമുണ്ടായിരുന്ന രണ്ട് വിദ്യാർഥികൾക്ക് ഗുരുതരമായ പരിക്കേറ്റു. കൊടുങ്ങല്ലൂർ സ്വദേശി എടവനക്കാട് വീട് മുഹമ്മദ് ബഷീറിന്റെ മകൻ ആദിൽ ബഷീർ (20) ആണ് മരിച്ചത്. കൊടുങ്ങല്ലൂർ പാണിക്ക വീട്ടിൽ മുഹമ്മദ് സാബിൽ നിഷാൽ (19), പെരിങ്ങാല കാരകുന്നത്ത് വീട്ടിൽ മുഹമ്മദ് ബിലാൽ (19) എന്നിവർക്കാണ് പരിക്കേറ്റത്. വാഴക്കുളം മാറമ്പിള്ളി എം.ഇ.എസ്. കോളേജിലെ രണ്ടാം വർഷ ബി.കോം. വിദ്യാർഥിയാണ് മരിച്ച ആദിലും പരിക്കറ്റ മുഹമ്മദ് സാബിൽ നിഷാലും. രണ്ടാം വർഷ ബി.വോക്. വിദ്യാർഥിയാണ് മുഹമ്മദ് ബിലാൽ.

വെള്ളിയാഴ്ച രാത്രി പതിനൊന്ന് മണിയോടെ ആലുവ അമ്പാട്ടുകാവ് 139-ാം നമ്പർ മെട്രോ തൂണിൽ കാർ ഇടിച്ചാണ് അപകടമുണ്ടായത്. ആലുവയിൽ നിന്ന് എറണാകുളം ഭാഗത്തേയ്ക്ക് പോയിക്കൊണ്ടിരിക്കുകയായിരുന്നു കാർ. കാറിലുണ്ടായിരുന്ന മൂന്ന് യുവാക്കളെ നാട്ടുകാർ രക്ഷപ്പെടുത്തി ആദ്യം കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തിച്ചു. അവിടെ നിന്ന് സാബിൽ നിഷാലിനേയും മുഹമ്മദ് ബിലാലിനേയും ചുണങ്ങംവേലി രാജഗിരിയിൽ പ്രവേശിപ്പിച്ചു. ആദിൽ ബഷീറിനെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും എത്തിച്ചു. തലയ്ക്ക് പരിക്കേറ്റ ആദിൽ ശനിയാഴ്ച വൈകീട്ട് മൂന്നരയോട മരിക്കുകയായിരുന്നു. മുഹമ്മദ് ബിലാലിന്റെ കാൽ തുടയ്ക്കാണ് പരിക്കേറ്റത്. മുഹമ്മദ് സാബിൽ നിഷാലിന്റെ ഇടുപ്പെല്ലിനും പരിക്കേറ്റു. ഇരുവരേയും ശസ്ത്രക്രിയയ്ക്ക് വിധേയരാക്കി.

ആദിലിന്റെ പിതാവിന്റെ പേരിലുള്ളതാണ് കാർ. വാഹനം ഓടിച്ചിരുന്നതും ആദിലാണ്. ആദിലിന്റെ മൃതദേഹം ബന്ധുകൾക്ക് വിട്ടു നൽകി.