തിരുവനന്തപുരം: കോപ്പിയടി വിവാദത്തിൽ കുടുങ്ങി വീണ്ടും എസ്.എഫ്.ഐ നേതാക്കൾ. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നടന്ന പരീക്ഷയിൽ സമീപത്തിരുന്ന പെൺകുട്ടിയെ ഭീഷണിപ്പെടുത്തി തങ്ങളുടെ ഉത്തരക്കടലാസിൽ ഉത്തരമെഴുതിച്ചത് കണ്ടെത്തിയിട്ടും നേതാക്കൾക്കെതിരേ നടപടിയെടുത്തിട്ടില്ല. കോപ്പിയടിക്കുന്നതിന് മൗനാനുവാദം നൽകിയ പരീക്ഷാ ഉദ്യോഗസ്ഥനെതിരേയും നടപടിയുണ്ടായില്ല. കഴിഞ്ഞ ജനുവരിയിൽ നടന്ന സംഭവം ഇപ്പോഴാണ് പുറത്താകുന്നത്.

2016-19 പൊളിറ്റിക്കൽ സയൻസ് ബിരുദവിദ്യാർഥികളായ എ.ജെ. അഖി, ഗോകുൽ കൃഷ്ണ എന്നിവർക്കെതിരെയാണ് പരാതി. മൂന്നാംസെമസ്റ്ററിലെ പബ്ലിക്ക് ഫിനാൻസ് പരീക്ഷയുടെ സപ്ലിമെന്ററി പരീക്ഷയിലായിരുന്നു സംഭവം നടന്നത്. ഇംപ്രൂവ്മെന്റ് പരീക്ഷയെഴുതുകയായിരുന്ന പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ഇവരുടെ ഉത്തരക്കടലാസിൽ ഉത്തരമെഴുതിച്ചു. ആദ്യം ഉത്തരം പറഞ്ഞുകൊടുക്കാനായി ഇരുവരും കുട്ടിയെ വിരട്ടി. ഭയന്ന പെൺകുട്ടി സ്വന്തം ഉത്തരക്കടലാസ് കാണിച്ചുകൊടുത്തിട്ടും ഇരുവർക്കും പകർത്തി എഴുതാൻ കഴിഞ്ഞില്ല. ഒടുവിൽ, എഴുതിത്തരാൻ ആവശ്യപ്പെട്ട് ഇരുവരും ഉത്തരക്കടലാസുകൾ പെൺകുട്ടിക്ക് കൈമാറി. ക്ലാസിലുണ്ടായിരുന്ന പരിശോധകൻ ഇത് കണ്ടില്ലെന്ന് നടിച്ചു.

മൂല്യനിർണയത്തിനിടെ ഒരു ഉത്തരക്കടലാസിൽ വ്യത്യസ്ത കൈയക്ഷരം കണ്ടെത്തിയതോടെ പെൺകുട്ടിയുടേതടക്കം മൂന്നെണ്ണവും അന്വേഷണത്തിന് കൈമാറി. കോപ്പിയടി സ്ഥിരീകരിച്ചു. തുടർന്നുനടന്ന അന്വേഷണത്തിൽ പെൺകുട്ടിയാണ് മറ്റു രണ്ട് ഉത്തരക്കടലാസിലും എഴുതിയിട്ടുള്ളതെന്ന് കണ്ടെത്തി. സർവകലാശാല ഉന്നതോദ്യോഗസ്ഥർ നടത്തിയ തെളിവെടുപ്പിൽ തന്നെക്കൊണ്ട് നിർബന്ധിപ്പിച്ചാണ് നേതാക്കൾ ഉത്തരമെഴുതിച്ചതെന്ന് പെൺകുട്ടി മൊഴി നൽകി.

കോപ്പിയടി കണ്ടെത്തിയാൽ ക്രമക്കേട് കാട്ടിയവരെ തുടർ പരീക്ഷകളിൽനിന്ന് വിലക്കേണ്ടതുണ്ട്. പരീക്ഷാവിഭാഗം സിൻഡിക്കേറ്റിന് ശുപാർശ നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ല.

Content Highlights: Allegations against University college SFI members