കൊച്ചി: കുടിയൊഴിയാൻ കരാർ ഒപ്പിടുന്നിടത്തേക്ക് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെത്തി പണം പിടിച്ചെടുത്തത് പി.ടി. തോമസ് എം.എൽ.എ.യെ വിവാദത്തിലാക്കി. ഇടപ്പള്ളി അഞ്ചുമനയിൽ മൂന്ന് സെന്റ് സ്ഥലവും കെട്ടിടവും വിട്ടുകൊടുക്കാൻ എം.എൽ.എ. മധ്യസ്ഥത വഹിച്ചിടത്തുനിന്നാണ് വിവാദത്തിന്റെ തുടക്കം.

വ്യാഴാഴ്ച രാവിലെയാണ് അഞ്ചുമനയിലെ ഒരു വീട്ടിൽവെച്ച് കരാർ ഒപ്പിട്ട് പണം നൽകാൻ നീക്കം നടന്നത്. 80 ലക്ഷം രൂപയ്ക്കായിരുന്നു കരാർ. വ്യവസായി രാമകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള മൂന്ന് സെന്റ് സ്ഥലത്ത് സി.പി.എം. പ്രവർത്തകനായ പരേതനായ ദിനേശന്റെ കുടുംബമാണ് വർഷങ്ങളായി താമസിച്ചുവരുന്നത്.

സി.പി.എം. നേതാവ് കെ.എൻ. രവീന്ദ്രനാഥിന്റെ കുടുംബസ്വത്തായിരുന്നു ഈ സ്ഥലം. അദ്ദേഹത്തിന്റെ സഹോദരി സ്ഥലം രാമകൃഷ്ണന് വിറ്റു. അപ്പോഴും സ്ഥലത്തോടുചേർന്ന കുടികിടപ്പ് ഭൂമിയിൽ ദിനേശനും കുടുംബവുമുണ്ടായിരുന്നു. അതിനുശേഷം ഇവരെ ഒഴിപ്പിക്കാൻ പലതവണ ശ്രമം നടന്നു. നഷ്ടപരിഹാരം കിട്ടണമെന്ന വാദത്തിൽ കുടുംബം ഉറച്ചുനിന്നു. ചർച്ചകൾ നടന്നെങ്കിലും ഫലംകണ്ടില്ല.

ഒടുവിൽ ദിനേശന്റെ മക്കൾ പ്രശ്നപരിഹാരത്തിനായി പി.ടി. തോമസ് എം.എൽ.എ.യെ സമീപിച്ചു. എം.എൽ.എ.യുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ സ്ഥലം വിട്ടുനൽകാൻ ധാരണയായി. മുദ്രപ്പത്രത്തിൽ കരാറുണ്ടാക്കി അത് ഒപ്പുവെക്കാനാണ് വ്യാഴാഴ്ച എം.എൽ.എ. എത്തിയത്. സ്ഥലം കൗൺസിലർ ജോസഫ് അലക്സ്, സി.പി.എം. ബ്രാഞ്ച് സെക്രട്ടറി ഗിരിജൻ, റസിഡൻറ്‌സ്‌ അസോസിയേഷൻ ഭാരവാഹികൾ എന്നിവരുൾപ്പെടെ പത്തിലധികം പേരുണ്ടായിരുന്നു.

തുക അക്കൗണ്ടിലേക്ക് ഇടാമെന്നായിരുന്നു കരാറെങ്കിലും വ്യവസായി പണമടങ്ങുന്ന ബാഗുമായാണ് എത്തിയത്. പണം നൽകുന്ന ഘട്ടത്തിൽ പുറത്തേക്കിറങ്ങിയെന്നാണ് പി.ടി. തോമസ് പറയുന്നത്. എന്നാൽ അദ്ദേഹം കാറിൽ കയറുന്നതിനു മുമ്പുതന്നെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ എത്തിയിരുന്നു. ഉദ്യോഗസ്ഥരെ കണ്ടുകൊണ്ടുതന്നെ എം.എൽ.എ. കാറിൽ കയറി പോയി. ഇതാണ് വിവാദമായത്. എം.എൽ.എ. സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടെന്നായിരുന്നു പ്രചാരണം.

ആദായനികുതി വകുപ്പ് 40 ലക്ഷം രൂപയാണ് സ്ഥലത്തുനിന്ന് കണ്ടെടുത്തത്. അതിനുശേഷം വ്യവസായിയുടെ വീട്ടിൽ റെയ്ഡ് നടത്തി 50 ലക്ഷം രൂപകൂടി പിടിച്ചെടുത്തു. പണത്തിന്റെ ഉറവിടം വ്യക്തമാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. എം.എൽ.എ.യുടെ രാജി ആവശ്യപ്പെട്ട് വെള്ളിയാഴ്ച സി.പി.എം. സ്ഥലത്ത് പ്രകടനം നടത്തി.

ഓടിപ്പോയിട്ടില്ല -പി.ടി. തോമസ്

ഒരു കമ്യൂണിസ്റ്റ് കുടുംബത്തിനുവേണ്ടി മധ്യസ്ഥതവഹിക്കാനാണ് താൻ ചെന്നത്. കാര്യങ്ങൾ സംസാരിച്ചു മടങ്ങുമ്പോൾ, റോഡിൽ അമ്പലക്കമ്മിറ്റിക്കാരെ കണ്ട് കുറച്ചുനേരം നിന്നശേഷം കാറിൽ കയറാൻ പോകുമ്പോഴാണ് ആദായനികുതി ഉദ്യോഗസ്ഥർ എത്തിയത്. താൻ ആ വഴി പോവുകയും ചെയ്തു.

40 വർഷമായി ഇവിടെ താമസിക്കുന്ന പരേതനായ ദിനേശന്റെ കുടുംബം വർഷങ്ങളായി കുടികിടപ്പ് ഭൂമിക്കുവേണ്ടി സ്ഥലം ഉടമയായ രാമകൃഷ്ണനുമായി ചർച്ചകൾ നടത്തിവരികയാണ്. കമ്യൂണിസ്റ്റ് പാർട്ടി നടത്തിയ ഇടപ്പള്ളി പോലീസ് സ്റ്റേഷൻ ആക്രമണക്കേസിലെ പ്രതിയായിരുന്നു ദിനേശൻ. അദ്ദേഹത്തിന്റെ മകൻ പരേതനായ ബാബു വർഷങ്ങൾക്കുമുമ്പ് തന്റെ ഡ്രൈവറായിരുന്നു. ബാബുവിന്റെ സഹോദരന്മാർ ആവശ്യപ്പെട്ടതുകൊണ്ടാണ് സഹായിക്കാൻ ചെന്നത്.

രാമകൃഷ്ണൻ രണ്ട് ബാഗ് കൊണ്ടുവന്നിരുന്നു. അതിൽ പണമാണെന്നാണു കരുതുന്നത്. അത് കള്ളപ്പണമാണോ എന്നറിയില്ല. ബാങ്ക് വഴി പണം അക്കൗണ്ടിലേക്ക് ഇടുമെന്നാണ് പറഞ്ഞിരുന്നത്. കള്ളപ്പണത്തിന് ആരെങ്കിലും കരാറുണ്ടാക്കുമോ എന്നും എം.എൽ.എ. ചോദിച്ചു.