തിരുവനന്തപുരം: ഒക്ടോബർ 18-ന് കോളേജുകളിലെ മുഴുവൻ ക്ലാസുകളും ആരംഭിക്കാനുള്ള നിർദേശത്തിൽ പരിശോധിച്ച് തീരുമാനമെടുക്കുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആർ. ബിന്ദു. ഒക്ടോബർ നാലിന് അവസാന വർഷ ഡിഗ്രി, പി.ജി. ക്ലാസുകൾ ആരംഭിക്കുേമ്പാൾ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെങ്കിൽ മനസ്സിലാക്കാനാകും. ഇക്കാര്യത്തിൽ സ്ഥാപന മേധാവികളുടെ യോഗം ഒരുതവണകൂടി വിളിക്കുമെന്ന് മന്ത്രി പറഞ്ഞു.

നേരിട്ടുള്ള ക്ലാസിനൊപ്പം പ്രാക്ടിക്കലും ലഭ്യമാക്കുന്നതിനാണ് ആദ്യഘട്ടത്തിൽ അവസാന വർഷ വിദ്യാർഥികളെമാത്രം കോളേജിൽ എത്തിക്കുന്നത്. സ്ഥാപനതലങ്ങളിൽ വാക്സിനേഷൻ ഡ്രൈവിന് ഡി.എം.ഒ.മാർക്ക് നിർദേശംനൽകി. അവസാനവർഷ വിദ്യാർഥികളിൽ 90 ശതമാനത്തിലധികം പേരും ആദ്യ ഡോസ് വാക്സിൻ എടുത്തതായാണ് പ്രിൻസിപ്പൽമാരിൽനിന്ന് ലഭിച്ച പ്രതികരണം. മറ്റ് കുട്ടികളുടെ വാക്സിനേഷൻ കാര്യത്തിൽ മുഖ്യമന്ത്രിയുമായി ചർച്ചനടത്തി തീരുമാനമെടുക്കും -മന്ത്രി പറഞ്ഞു.