കോവളം: കോവളം കടല്‍ത്തീരത്ത് കഴിഞ്ഞദിവസം അടിഞ്ഞത് കടല്‍പ്പശുവിന്റെ മുഖ്യാഹാരമായ കടല്‍പ്പുല്ലെന്ന് കണ്ടെത്തി. ലൈറ്റ് ഹൗസ് മുതല്‍ ഗ്രോവ് ബീച്ചുവരെയുള്ള തീരത്ത് രണ്ടുതരത്തിലുള്ള കടല്‍പ്പുല്ലുകളാണ് ഞായറാഴ്ച ഉച്ചയോടെ നിരനിരയായി അടിഞ്ഞത്.

സിറിംഗോഡിയം ഐസോ എറ്റിഫോളിയവും സൈമോഡോസിയ സെറുലാറ്റ എന്നീ ശാസ്ത്രീയപേരുകളുള്ള കടല്‍പ്പുല്ലുകളാണ് അടിഞ്ഞത്.

കേരള സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ മറൈന്‍ ബയോഡൈവേഴ്സിറ്റി ഡയറക്ടര്‍ പ്രൊഫ. കെ.പദ്മകുമാര്‍ കോവളം തീരത്തെത്തി ഇവയുടെ സാമ്പിളുകള്‍ ശേഖരിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വംശനാശഭീഷണി നേരിടുന്നവയുടെ പട്ടികയില്‍പ്പെടുന്ന കടല്‍പ്പുല്ലുകളാണ് ഇവയെന്ന് കണ്ടെത്തിയത്.

കേരളത്തീരത്ത് ഇവ കാണപ്പെടാറില്ല. അതേസമയം രാമേശ്വരം, ലക്ഷദ്വീപ് അടക്കമുള്ള കടലില്‍ ഇവ കാണപ്പെടാറുണ്ടെന്ന് ഡയറക്ടര്‍ പറഞ്ഞു. തീരക്കടലിനോടു ചേര്‍ന്നുള്ള അടിത്തട്ടിലാണ് ഇവ വ്യാപകമായി വളരുന്നത്.

കടലിനടിയില്‍ ഏതെങ്കിലും തരത്തിലുള്ള പ്രത്യേക പ്രതിഭാസങ്ങളുണ്ടായതിനെ തുടര്‍ന്ന് ഇവ ഇളകി തിരകള്‍ക്കൊപ്പം തീരത്തടിഞ്ഞതാവാമെന്നും കരുതുന്നു- പ്രൊഫ. പദ്മകുമാര്‍ പറഞ്ഞു.

സാധാരണ തീരത്ത് ജെല്ലിഫിഷുകളും ക്ലാത്തി മീനുകളുമാണ് കൂട്ടത്തോടെ തീരത്തടിയുന്നത്. കഴിഞ്ഞ രണ്ടുമാസത്തിനിടെ പതിനായിരത്തിലധികം ജെല്ലിഫിഷുകളാണ് അടിഞ്ഞുകൂടിയത്. ഞായറാഴ്ച വൈകീട്ട് നാലോടെയാണ് ലൈറ്റ്ഹൗസ് ബീച്ച് മുതല്‍ ഹവ്വാബീച്ചുവരെയുള്ള തീരത്ത് പായലിനു സമാനമായ സസ്യങ്ങള്‍ അടിഞ്ഞത്.

പനത്തുറയിലുള്ള പൊഴിമുറിഞ്ഞതിനെ തുടര്‍ന്ന് പാര്‍വതീപുത്തനാറിലെ വെള്ളത്തോടൊപ്പം ഒഴുകിവന്ന പ്രത്യേക തരം പായലുകളാണോയെന്നും സംശയമുണ്ടെന്ന് ബീച്ചിലെ ലൈഫ് ഗാര്‍ഡുകള്‍ പറഞ്ഞു. ആദ്യമായാണ് ഇത്തരത്തിലുള്ള പായല്‍ക്കൂട്ടം തീരത്തടിയുന്നതെന്നും ഇവര്‍ പറഞ്ഞു.

Content Highlights:  Algae