കോട്ടയം: പെട്രോളിനായി പോക്കറ്റ് കീറിയാലും വേണ്ടില്ല, ഒച്ചിന്റെ വേഗമുള്ള ഇലക്ട്രിക് സ്‌കൂട്ടറുകൾ വേണ്ടെന്ന് തീരുമാനിച്ചവർ ഈ യുവ എൻജിനീയർ നിർമിച്ച ഇലക്ട്രിക് ബൈക്കൊന്ന് ഓടിച്ചുനോക്കണം. 150 സി.സി. പവറുള്ള യമഹ എഫ്‌.സി. ബൈക്കിനെ, പവറൊട്ടും ചോരാതെ ഇലക്ട്രിക് ആക്കി മാറ്റിയിരിക്കുകയാണ് കോട്ടയം മള്ളൂശേരി നിവാസിയായ ആൽബർട്ട് എ.സുനിൽ.

വീലിൽ ഘടിപ്പിച്ച 2000 വാട്ട് മോട്ടോറാണ് ബൈക്കിന് കുതിപ്പേകുന്നത്. 35 എ.എച്ചിന്റെ ബാറ്ററിയിലാണ് പ്രവർത്തനം. മൊബൈൽഫോൺ ചാർജ് ചെയ്യുന്നത്ര ലളിതമായി ചാർജ് ചെയ്യാം. ഒറ്റച്ചാർജിൽ 50 കിലോമീറ്റർവരെ ഓടും. പൂർണമായ ചാർജിങ്ങിന് രണ്ട് യൂണിറ്റോളം വൈദ്യുതി മതി.

ബൈക്കിനെ ഇലക്ട്രിക് ആക്കാൻ ഒരുലക്ഷം രൂപയോളം ചെലവ് വന്നു. അതേസമയം, 100 രൂപയുടെ പെട്രോൾ അടിച്ച് ഓടുന്ന ഓട്ടം 15 രൂപയിൽ താഴെ വൈദ്യുതിയിൽ ഓടാം. പെട്രോൾ വണ്ടിയുടേതുപോലുള്ള സർവീസുകളൊന്നും വേണ്ടെന്നതും ദീർഘനാളത്തെ ഉപയോഗത്തിൽ ഇലക്ട്രിക് ബൈക്കിനെ ലാഭകരമാക്കുന്നു.

ബൈക്കിന്റെ ഇലക്ട്രിക് യൂണിറ്റ് വെള്ളപ്പൊക്കത്തിൽപ്പെട്ടാൽപോലും കേടാകില്ല. പിന്നിലേക്ക് ഓടിക്കാം എന്നത് ഇറക്കത്തിലെ പാർക്കിങ്ങുകളിൽ സഹായകരമാണ്. വികലാംഗർക്കും ഇത് ഏറെ പ്രയോജനകരം.

ഏത് ബൈക്കും ഇതുപോലെ ഇലക്ട്രിക്കാക്കി മാറ്റാമെന്നും ആൽബർട്ട് പറയുന്നു. ബാറ്ററി മാറ്റി മൈലേജും പവറും ആവശ്യാനുസരണം കൂട്ടാം. ഇലക്ട്രിക്കും പെട്രോളുമുള്ള ഹൈബ്രിഡ് മോഡലും ആക്കാം. ശക്തിയുള്ള മോട്ടോറായതിനാൽ ബൈക്കിന് രജിസ്‌ട്രേഷൻ വേണം. കേന്ദ്ര ഏജൻസികളുടെ വിവിധ പരിശോധനകൾ വിജയിച്ചാലേ അത് ലഭിക്കൂ.

2018-ൽ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബി.ടെക്. പൂർത്തിയാക്കിയ ആൽബർട്ട്, കോളേജിൽ പഠിക്കുന്ന കാലത്തേതുടങ്ങിയതാണ് ഇലക്ട്രിക് ബൈക്ക് ഉണ്ടാക്കാനുള്ള ശ്രമം. ഐ.ടി. രംഗത്ത് മികച്ച ശമ്പളത്തിൽ കിട്ടിയ ജോലി പിന്നീട് ഉപേക്ഷിച്ചതും കുമാരനല്ലൂരിലെ ശക്തി വർക്ക്‌ഷോപ്പിൽ മെക്കാനിക്കായി ജോലിക്ക് കയറിയതും ആ സ്വപ്നം സാക്ഷാത്കരിക്കാനായിരുന്നു.

പഴയൊരു ബൈക്ക് വാങ്ങി അതിൽ പരീക്ഷണങ്ങൾ നടത്തിവന്ന ആൽബർട്ടിന്, ഇപ്പോൾ കാണുന്ന സാങ്കേതികവിദ്യയിലേക്ക് എത്താൻ മൂന്നുലക്ഷത്തോളം രൂപ ചെലവായി. വിവിധ ബൈക്കുകൾക്ക് ഇലക്ട്രിക് കിറ്റ് ഘടിപ്പിക്കുന്ന കേന്ദ്രം തുടങ്ങണമെന്ന് ആഗ്രഹമുണ്ട്. അതിന് സാമ്പത്തികവും സാങ്കേതികവുമായ പിന്തുണ തേടുകയാണ് ഈ 27-കാരൻ.

അടിമാലിയിലെ ഉറുമ്പിൽ കുടുംബാംഗമായ ആൽബർട്ട്, മള്ളൂശേരിയിലെ അമ്മവീട്ടിലാണ് ഇപ്പോൾ താമസിക്കുന്നത്. അച്ഛൻ സുനിൽ എബ്രഹാം കുമാരനല്ലൂരിൽ ഫർണിച്ചർ ഷോപ്പ് നടത്തുന്നു. അമ്മ മിനി സുനിൽ. സഹോദരൻ മാത്യു സുനിൽ ഐ.ടി.ഐ. വിദ്യാർഥി.