ആലപ്പുഴ: മുൻമന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോർട്ടിനുള്ള പിഴയിൽ ഇളവ് അനുവദിക്കണമെന്ന സർക്കാരിന്റെ നിർദേശം ആലപ്പുഴ നഗരസഭ തള്ളി. പിഴ കുറച്ച്, കെട്ടിടങ്ങൾ ക്രമവത്കരിക്കാൻ റിപ്പോർട്ട് നൽകിയ നഗരകാര്യ കൊല്ലം റീജണൽ ജോയന്റ് ഡയറക്ടർ കെ.ജി. രാജുവിനെതിരേ വിജിലൻസ് അന്വേഷണത്തിനും ബുധനാഴ്ച ചേർന്ന കൗൺസിൽ യോഗം ശുപാർശചെയ്തു.

തോമസ് ചാണ്ടി, മാത്യു ജോസഫ്, എൻ.എക്സ്. വർഗീസ് എന്നിവരുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന വാട്ടർ വേൾഡ് ടൂറിസം കമ്പനി പ്രൈവറ്റ് ലിമിറ്റഡ് പിഴയായി 1.17 കോടി രൂപ അടയ്ക്കണമെന്ന് കൗൺസിൽ വ്യക്തമാക്കി. പിഴ 34 ലക്ഷമാക്കി കുറയ്ക്കണമെന്നായിരുന്നു സർക്കാർ നിർദേശം.

നഗരസഭയുടെ തീരുമാനത്തിനെതിരേ കമ്പനിക്ക്‌ ആവശ്യമെങ്കിൽ തദ്ദേശസ്വയംഭരണ ട്രിബ്യൂണലിനെ സമീപിക്കാമെന്ന് നഗരസഭാ ചെയർമാൻ തോമസ് ജോസഫ് പറഞ്ഞു. ട്രിബ്യൂണലിനെ സമീപിച്ച് ഉത്തരവ് നേടാനുള്ള രണ്ടുമാസത്തെ കാലയളവിലേക്ക് താത്കാലിക ലൈസൻസ് നൽകും. ഇത് നടക്കാത്തപക്ഷം റിസോർട്ട് പൊളിക്കുന്നതുൾപ്പെടെ നഗരസഭ പരിഗണിക്കും. നഗരസഭാ നടപടിയിൽ പ്രതിപക്ഷം വിയോജിച്ചു.

Content Highlights: Alapuzha maunicipality,lake palace resort