തിരുവനന്തപുരം: സാധാരണനിലയിൽ കേസ് രജിസ്റ്റർ ചെയ്ത് കോടതിയിലേക്കു വിടുന്ന കേസുകളിൽ ചിലത് പോലീസ് സ്റ്റേഷനുകളിലും ജില്ലാ പോലീസ് മേധാവിക്കും രാജിയാക്കാമെന്ന് ആലപ്പുഴ ജില്ലാ പോലീസ് മേധാവി. കേരള പോലീസ് നിയമത്തിലെ 117 മുതൽ 121 വരെ വകുപ്പുകൾ ഉപയോഗിച്ച് ചാർജ് ചെയ്യുന്ന കേസുകൾ രാജിയാക്കാമെന്നാണ് ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജി. ജയദേവ് ഉത്തരവിറക്കിയത്. പോലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തുന്നതും പോലീസ് ഉദ്യോഗസ്ഥനെ ബോധപൂർവം കൈയേറ്റം ചെയ്യുന്നതും ഉൾപ്പെടെ കേസുകൾ രാജിയാക്കാമെന്നാണ് നിർദേശം.

പോലീസ് നിയമത്തിലെ 117, 118 വകുപ്പുകളിലെ കേസുകളും 119(2) വകുപ്പിൽ ഉൾപ്പെടുന്ന കേസും ജില്ലാ പോലീസ് മേധാവിക്ക് രാജിയാക്കാമെന്നാണ് ഉത്തരവിലുള്ളത്. 117-ാം വകുപ്പ് പോലീസിന്റെ ചുമതലകളിൽ ഇടപെടുന്നത് സംബന്ധിച്ചാണ്. 117-ാം വകുപ്പിലെ ഇ ഉപവകുപ്പ് ഒരു പോലീസ് ഉദ്യോഗസ്ഥനെ തടയുന്നതിനെയും കൈയേറ്റം ചെയ്യുന്നതിനെയും കുറിച്ചാണ്. കുറ്റം തെളിയിച്ചാൽ മൂന്നുവർഷം വരെ തടവോ പതിനായിരം രൂപയിൽ കുറയാത്ത പിഴയോ ഇവ രണ്ടും കൂടിയോ ആണ് ശിക്ഷ.

എന്നാൽ, ഈ കേസുകൾ ജില്ലാ പോലീസ് മേധാവിക്ക് രാജിയാക്കാമെന്നാണ് ഉത്തരവിലുള്ളത്. 5000 രൂപ പിഴയടച്ചാൽ മതി. പ്രതിക്ക് കേസ് രജിസ്റ്റർ ചെയ്ത പോലീസ് സ്‌റ്റേഷനിലെ എസ്.എച്ച്.ഒ. മുഖേനയോ പോലീസ് മേധാവിക്ക് നേരിട്ടോ അപേക്ഷ നൽകാം. ഇതു പരിശോധിച്ച് ജില്ലാ പോലീസ് മേധാവി കേസ് രാജിയാക്കും. ഈ നീക്കത്തിനെതിരേ പോലീസുകാർക്കിടയിൽനിന്നുതന്നെ പ്രതിഷേധം ഉയർന്നിട്ടുണ്ട്.

188 ഐ വകുപ്പു പ്രകാരം രജിസ്റ്റർ ചെയ്യുന്ന കേസുകളും ഈ ഉത്തരവ് പ്രകാരം രാജിയാക്കാം. പതിനെട്ട് വയസ്സിൽ താഴെയുളളവർക്ക് ലഹരിപദാർഥങ്ങളോ കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കളോ വിൽക്കുകയോ അതിനായി സ്കൂൾ പരിസരത്ത് അവ സംഭരിക്കുകയോ ചെയ്താൽ ഈ വകുപ്പ് ഉപയോഗിച്ചാണ് കേസ് രജിസ്റ്റർ ചെയ്യുന്നത്. മൂന്നുവർഷം വരെ തടവോ പതിനായിരം രൂപയിൽ കവിയാത്ത പിഴയോ ഇവ രണ്ടും കൂടിയോ ആണ് ശിക്ഷ. എന്നാൽ, 5000 പിഴയടച്ച് ജില്ലാ പോലീസ് മേധാവിക്ക് ഈ കേസും രാജിയാക്കാം.

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരേയുളള 119-ാം വകുപ്പിലെ രണ്ടാം ഉപവകുപ്പ് പ്രകാരം രജിസ്റ്റർ ചെയ്യുന്ന കേസും ജില്ലാ പോലീസ് മേധാവിക്കു രാജിയാക്കാനാകുമെന്നും ഉത്തരവിലുണ്ട്. അതേസമയം, കോടതിയിൽ കുറ്റപത്രം സമർപ്പിച്ച കേസുകളിലൊന്നും ഈ നിർദേശങ്ങൾ ബാധകമായിരിക്കില്ല.

ശല്യമുണ്ടാക്കൽ, ക്രമസമാധാന ലംഘനം എന്നിവയ്ക്ക് രജിസ്റ്റർ ചെയ്യുന്ന കേസുകളും പ്രത്യേകം വ്യവസ്ഥ ചെയ്യാത്ത കുറ്റങ്ങൾക്ക് എടുക്കുന്ന കേസുകളും പോലീസ് സ്റ്റേഷനുകളിൽത്തന്നെ രാജിയാക്കാമെന്നും ഉത്തരവിലുണ്ട്. എന്നാൽ, ഒരു ജില്ലയിൽ മാത്രം ഇത്തരത്തിൽ ഉത്തരവിറങ്ങിയതിനെതിരേ ഒരു വിഭാഗം പോലീസുകാർ പ്രതിഷേധവുമായി രംഗത്തുണ്ട്.

Content Highlights: alappuzha police chief