ആലപ്പുഴ: കേരളത്തിലെ എട്ട് വില്ലേജുകള്‍ക്ക് കറന്‍സിരഹിത പദവി. ഇതില്‍ ആറും മലപ്പുറം ജില്ലയില്‍. ഇടുക്കി, കാസര്‍കോട് ജില്ലകളിലെ ഓരോ വില്ലേജും കറന്‍സിരഹിതപദവി സ്വന്തമാക്കി. എടവണ്ണ, തൃക്കലങ്ങോട്, മലപ്പുറം, ചീക്കോട്, തേഞ്ഞിപ്പലം, പുളിക്കല്‍ എന്നിവയാണ് മലപ്പുറം ജില്ലയിലെ വില്ലേജുകള്‍. ഇടുക്കിയിലെ വണ്ണപ്പുറവും കാസര്‍കോട്ടുള്ള ഇച്ചിലങ്ങോടുമാണ് മറ്റുള്ളവ.

കേരളത്തിലെ എല്ലാ വില്ലേജിലും കറന്‍സിരഹിത ഇടപാടില്‍ പരിശീലനം പുരോഗമിക്കുകയാണ്. കറന്‍സിരഹിത ഇടപാട് പഠിപ്പിച്ചാല്‍ പൊതുസേവനകേന്ദ്രങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സമ്മാനങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് പരിശീലനം ഊര്‍ജിതമായത്.

ഡിസംബര്‍ 31-നകം എല്ലാ വില്ലേജുകളെയും കറന്‍സിരഹിത പദവിയിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യം. ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ഇടപാടുകള്‍, ഇ-വാലറ്റ്, സ്മാര്‍ട്ട് ഫോണും ഫീച്ചര്‍ ഫോണും ഉപയോഗിച്ചുള്ള ഇടപാടുകള്‍, ആധാര്‍ അധിഷ്ഠിതമായ പണമിടപാട് എന്നിവയിലാണ് പരിശീലനം നല്‍കുന്നത്. ഒരു കുടുംബത്തിലെ ഒരാളെയെങ്കിലും കറന്‍സിരഹിത ഇടപാടിന് പ്രാപ്തമാക്കുകയാണ് ലക്ഷ്യം.