ആലപ്പുഴ: ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിൽ യു.ഡി.എഫ്. സ്ഥാനാർഥി കെ.സി. വേണുഗോപാൽതന്നെ. എ.ഐ.സി.സി. ജനറൽ സെക്രട്ടറിയുടെ ചുമതലകൾക്കിടയിലും മണ്ഡലത്തിലെ പാർട്ടിപരിപാടികളിലെല്ലാം പങ്കാളിത്തം ഉറപ്പാക്കുന്നുണ്ട് അദ്ദേഹം. സ്ഥാനാർഥി കെ.സി. വേണുഗോപാൽ തന്നെയായിരിക്കുമെന്നാണ് ഉന്നത യു.ഡി.എഫ്. നേതൃത്വം നൽകുന്ന സൂചനകളും.

ഇടതുപക്ഷം തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിൽ വ്യാപൃതമാണെങ്കിലും സ്ഥാനാർഥി ആരെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. സി.പി.എമ്മിൽ നിന്നായിരിക്കുമെന്നുറപ്പിക്കാം. പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി, അരൂർ എം.എൽ.എ. എ.എം. ആരിഫ്, ജില്ലാ പഞ്ചായത്തംഗം ദലീമ ജോജോ എന്നിവരുടെ പേരുകൾ പരിഗണനയിലുണ്ടെന്നാണ് വിവരം.

ആരിഫ് മികച്ച സ്ഥാനാർഥിയായിരിക്കുമെന്ന് ജില്ലയിലെ ചില മുതിർന്ന ഇടതുനേതാക്കൾ സംസ്ഥാനനേതാക്കളെ ധരിപ്പിച്ചിട്ടുണ്ട്. എം.എൽ.എ. ആയി തുടരുന്നയാൾ മത്സരിക്കുന്നതിലെ അനൗചിത്യമാണ് തടസ്സം. സി.പി.എം. അടിസ്ഥാനവോട്ടുകൾക്കൊപ്പം മണ്ഡലത്തിൽ നിർണായകമായ ന്യൂനപക്ഷവോട്ടുകളും സമാഹരിക്കാൻപറ്റിയ ഇടതുമുന്നണിയിലെ മികച്ച വ്യക്തിയെന്നതാണ് അനുകൂലഘടകം.

സി.പി.എം. പൊളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി കൊല്ലം സ്വദേശിയാണെങ്കിലും ആലപ്പുഴയ്ക്ക് അന്യനല്ല. നേരത്തേ ഇദ്ദേഹം സി.പി.എം. ജില്ലാ സെക്രട്ടറിയായി ആലപ്പുഴയിൽ പ്രവർത്തിച്ചിട്ടുണ്ട്. ഡൽഹികേന്ദ്രമായി പ്രവർത്തിക്കുന്ന മുതിർന്നനേതാവ് പാർലമെന്റിൽ വരുന്നത് നന്നായിരിക്കുമെന്നതാണ് ഇദ്ദേഹത്തെ മത്സരിപ്പിക്കുന്നതിനുള്ള അനുകൂലഘടകം. പക്ഷേ, ഇക്കാര്യത്തിൽ ബേബിയുടെ നിലപാടും നിർണായകമാണ്.

വനിത മത്സരിക്കണമെന്നുതീരുമാനിച്ചാൽ മുൻ ജില്ലാ പഞ്ചായത്ത് വൈസ്‌പ്രസിഡന്റു കൂടിയായ ദലീമ ജോജോക്കായിരിക്കും മുൻഗണന. എൻ.ഡി.എ.യിൽ ബി.ഡി.ജെ.എസിനായിരിക്കും ഈ സീറ്റ്. ഇവിടെ തുഷാർ വെള്ളാപ്പള്ളി സ്ഥാനാർഥിയാകണമെന്ന താത്പര്യം ബി.ജെ.പി. നേതൃത്വത്തിനുണ്ട്. അതേസമയം, തുഷാറല്ലെങ്കിൽ ബി.ജെ.പി. സ്ഥാനാർഥിതന്നെ വേണമെന്ന ആവശ്യവും പാർട്ടിയിൽ ഉയരുന്നുണ്ട്.

Content Highlgihts: Alappuzha loksabha election-kc venugopal-udf candidate