ചാരുംമൂട്: മകന്റെ മർദനമേറ്റ വയോധിക ദമ്പതിമാർക്ക് ചുനക്കര ഗ്രാമപ്പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള സ്‌നേഹവീട് ഇനി തണലേകും.

ചുനക്കര നടുവിൽ ശ്രീനിലയത്തിൽ രാഘവൻപിള്ള (92), ഭാര്യ ഭവാനിയമ്മ (88) എന്നിവരെയാണ് വെള്ളിയാഴ്ച ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശാന്താ ഗോപാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് സുരേഷ് പുലരി എന്നിവരുടെ നേതൃത്വത്തിൽ സ്‌നേഹവീട്ടിലേക്ക് മാറ്റിയത്. ഇവരുടെ സംരക്ഷണച്ചുമതല ഏറ്റെടുത്തതായും ആവശ്യമായ പരിചരണം നൽകുമെന്നും പ്രസിഡന്റ് പറഞ്ഞു.

ദമ്പതിമാരുടെ മൂന്നുമക്കളിൽ മൂത്തയാളായ റിട്ട.സുബേദാർ മേജർ ബാലകൃഷ്ണൻ നായരാ (62)ണ് വ്യാഴാഴ്ച മാതാപിതാക്കളെ ക്രൂരമായി മർദിച്ചത്. തുടർന്ന് ബാലകൃഷ്ണൻ നായരെ നൂറനാട് പോലീസ് അറസ്റ്റു ചെയ്തു. വെള്ളിയാഴ്ച മാവേലിക്കര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇയാളെ കോടതി റിമാൻഡുചെയ്തു.

മക്കളുടെ സംരക്ഷണമില്ലാതെയാണ് ദമ്പതിമാർ കുടുംബ വീട്ടിൽ കഴിഞ്ഞുവന്നത്. കൊല്ലത്ത് കുടുംബസമേതം താമസിക്കുന്ന ബാലകൃഷ്ണൻ നായർ വല്ലപ്പോഴും ചുനക്കരയിലെ വീട്ടിലെത്തിയിരുന്നു. അപ്പോളെല്ലാം ഇയാൾ മാതാപിതാക്കളെ മർദിക്കുമായിരുന്നുവെന്നാണ് ജനമൈത്രി പോലീസിന് ലഭിച്ച വിവരം. ഗ്രാമപ്പഞ്ചായത്ത് പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ പരിചരണത്തിലായിരുന്നു ദമ്പതിമാർ.