ആലപ്പുഴ: “സ്ഥാനാർഥികളിൽ ആരോടും താത്പര്യമില്ലെങ്കിലും വോട്ടുചെയ്യാതിരിക്കരുത്. പോളിങ് ബൂത്തിലെത്തി വോട്ടിങ് യന്ത്രത്തിലെ ‘നോട്ട’ ബട്ടണിൽ ഒന്ന് വിരലമർത്തുക”- വോട്ടിങ് ശതമാനം കൂട്ടാനായി 2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ വോട്ടർമാരോട് നിർദേശിച്ചതാണിത്. തങ്ങൾക്ക് ഇഷ്ടമില്ലാത്ത സ്ഥാനാർഥികൾക്ക് പണികൊടുക്കാൻ അന്ന് ‘നോട്ട’യെത്തേടി പോളിങ് ബൂത്തിലേക്ക് ആളുകൾ ഒഴുകി. പക്ഷേ, നിയമസഭാ തിരഞ്ഞെടുപ്പ് എത്തിയപ്പോൾ നോട്ടയോടുള്ള ‘പ്രിയം’ കുറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുകളിൽനിന്ന് തന്നെ ഇത് വ്യക്തം.

2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ആകെ പോൾ ചെയ്ത വോട്ടിന്റെ 1.2 ശതമാനമായിരുന്നു നോട്ടയ്ക്ക്. അതായത്, 2,10,563 വോട്ട്. പക്ഷേ, 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പായപ്പോൾ നോട്ടയുടെ വോട്ട് പകുതിയായി. കിട്ടിയത് 1,07,239 വോട്ട്. ആകെ പോൾചെയ്ത വോട്ടിന്റെ 0.53 ശതമാനം മാത്രമാണിത്. പോളിങ് ബൂത്തിലെത്തി ഏറെനേരം കാത്തുനിന്ന് നോട്ടയ്ക്ക് വോട്ടുചെയ്ത് എന്തിന് സമ്മതിദാനാവകാശം പാഴാക്കിക്കളയണമെന്ന ചിന്തയാകാം നോട്ടയുടെ ജനസമ്മതി കുറയാൻ കാരണം.

നോട്ട ആദ്യമായി പരീക്ഷിച്ച 2014-ലെ തിരഞ്ഞെടുപ്പിൽ ഇന്ത്യയൊട്ടാകെ 60 ലക്ഷത്തോളം പേരാണ് നോട്ട ബട്ടണിൽ വിരലമർത്തിയത്. ആകെ പോൾ ചെയ്ത വോട്ടിന്റെ 1.1 ശതമാനമായിരുന്നു ഇത്. പുതുച്ചേരിയിലായിരുന്നു നോട്ടയ്ക്ക് കൂടുതൽ സ്വീകാര്യത. പോൾചെയ്ത വോട്ടിന്റെ മൂന്നുശതമാനം നോട്ട കൊണ്ടുപോയി. മേഘാലയ, ഗുജറാത്ത് എന്നിവയായിരുന്നു തൊട്ടുപിന്നിൽ.

കേരളത്തിൽ നോട്ടയോട് കൂടുതൽ പ്രിയം കാട്ടിയത് മലപ്പുറം ലോക്‌സഭാ മണ്ഡലമായിരുന്നു. 21,829 പേർ. തിരുവനന്തപുരം മണ്ഡലത്തിലാണ് കുറവ് വോട്ടുകിട്ടിയത്- 3346.

മത്സരിക്കുന്ന എല്ലാ സ്ഥാനാർഥികളുടെയും പിന്നിലായി ഇക്കുറിയും നോട്ടയുണ്ടാകും. നോട്ടയുടെ ജനസമ്മതി അറിയാൻ മേയ് 23 വരെ കാത്തിരിക്കേണ്ടി വരും.

നോട്ടയ്ക്ക് കിട്ടിയ വോട്ട്

കേരളം

2014 ലോക്‌സഭ

2,10,563 1.2%

2016 നിയമസഭ

1,07,239 0.53%

ഇന്ത്യ

2014 ലോക്‌സഭ

59,97,054 1.1%