ആലപ്പുഴ: വീട്ടിലേക്കുവേണ്ട എല്ലാസാധനങ്ങളും ലഭിക്കുന്ന ഷോപ്പിങ് മാളുകളാകാൻ സപ്ലൈകോ ഒരുങ്ങുന്നു. മീനും ഇറച്ചിയും മുതൽ ഇലക്‌ട്രോണിക് ഗൃഹോപകരണങ്ങൾവരെ ഇനി സപ്ലൈകോ വിൽപ്പന കേന്ദ്രങ്ങളിൽനിന്ന് ലഭിക്കും. സംസ്ഥാനത്ത് നിലവിലുള്ള ഒൻപത് വിൽപ്പന കേന്ദ്രങ്ങളിൽ പുതുവർഷത്തോടെ ഗൃഹോപകരണങ്ങളുടെ വിൽപ്പന തുടങ്ങും.

ആദ്യഘട്ടത്തിൽ മിക്സി, ഗ്രൈൻഡർ, ഫാൻ, തേപ്പുപെട്ടി തുടങ്ങിയ ഇലക്‌ട്രോണിക് ഉപകരണങ്ങളും പാത്രങ്ങളുമായിരിക്കും വിൽക്കുക. പിന്നീട്, ടി.വി., റഫ്രിജറേറ്റർ, മൈക്രോവേവ് ഓവൻ തുടങ്ങിയ ഉപകരണങ്ങളും ലഭിക്കും. പൊതുവിപണിയേക്കാൾ 30 മുതൽ 50 ശതമാനം വരെ വിലക്കുറവിലായിരിക്കും വിൽപ്പന.

വീട്ടിലേക്ക് പലചരക്ക് സാധനങ്ങൾ വാങ്ങാനെത്തുമ്പോൾ ഗൃഹോപകരണങ്ങൾ കൂടി വാങ്ങാവുന്ന തരത്തിലാണ് ഷോറൂമുകൾ ഒരുക്കുക. നിലവിലുള്ള സൂപ്പർമാർക്കറ്റുകളിലും ഹൈപ്പർ മാർക്കറ്റുകളിലും ഇതിനായി പ്രത്യേകസ്ഥലം കണ്ടെത്തും.

ഗൃഹോപകരണ വിൽപ്പനയ്ക്കായി നിലവിൽ മൂന്നു കമ്പനികളുമായി ധാരണയിലെത്തിയിട്ടുണ്ട്. വരുംനാളുകളിൽ കൂടുതൽ കമ്പനികളെ സഹകരിപ്പിക്കാനാണ് നീക്കം. നിലവിൽ തിരുവനന്തപുരത്തും കൊച്ചിയിലും ക്രിസ്‌മസ് ഫെയറിനൊപ്പം ഗൃഹോകരണങ്ങളുടെ വിൽപ്പന ആരംഭിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് സൂപ്പർ-ഹൈപ്പർ മാർക്കറ്റുകളിൽ ഗൃഹോപകരണങ്ങളുടെ വിൽപ്പന ആരംഭിക്കുന്നത്.

നിലവിലുള്ള സൂപ്പർമാർക്കറ്റുകളും ഹൈപ്പർമാർക്കറ്റുകളും മാളുകളുടെ നിലവാരത്തിലേക്ക് ഉയരുന്നതോടെ കൂടുതൽ വിൽപ്പനയാണ് സപ്ലൈകോ ലക്ഷ്യമിടുന്നത്. ഗൃഹോകരണങ്ങൾ വാങ്ങുന്നതിന് റേഷൻ കാർഡ് വേണമെന്നില്ല.

പാൽ, മീൻ, ഇറച്ചി എന്നിവയുടെ വിൽപ്പനയുമുണ്ടാകും. മിൽമ, മത്സ്യഫെഡ്, മീറ്റ് പ്രൊഡക്ട്സ് ഓഫ് ഇന്ത്യ എന്നിവയുമായി സഹകരിച്ചാണിത്. നിലവിലുള്ള ഹൈപ്പർ, സൂപ്പർ മാർക്കറ്റുകളിൽ വിൽപ്പനയ്ക്ക് ഇവർക്ക് പ്രത്യേകം സ്ഥലമൊരുക്കും. സപ്ലൈകോയുടെ ഫ്രാഞ്ചൈസികളായിട്ടായിരിക്കും ഇതിന്റെ പ്രവർത്തനം.

ഗൃഹോപകരണ വിൽപ്പന തുടങ്ങുന്ന സ്ഥലങ്ങൾ

തിരുവനന്തപുരം ഹൈപ്പർ മാർക്കറ്റ്, കരുനാഗപ്പള്ളി ഹൈപ്പർ മാർക്കറ്റ്, എറണാകുളം ഹൈപ്പർമാർക്കറ്റ്, ആലപ്പുഴ പീപ്പിൾസ് ബസാർ, ചെങ്ങന്നൂർ സൂപ്പർ മാർക്കറ്റ്, തൃശ്ശൂർ പീപ്പിൾസ് ബസാർ, ചാലക്കുടി സൂപ്പർ മാർക്കറ്റ്, മാള സൂപ്പർ മാർക്കറ്റ്, കോട്ടയം ഹൈപ്പർമാർക്കറ്റ്.

കൂടുതൽ ഷോപ്പിങ് മാളുകൾ തുറക്കും

bbസപ്ലൈകോ പിറവത്ത് നിർമിക്കുന്ന ഷോപ്പിങ് മാൾ ഉടൻ പ്രവർത്തനം തുടങ്ങും. തിരുവല്ലയിൽ മാളിന്റെ നിർമാണം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ വിജയമനുസരിച്ച് സംസ്ഥാനത്ത് കൂടുതൽ മാളുകൾ തുറക്കും.

-പി. തിലോത്തമൻ, ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി

content highlights: supplyco,shopping mall