ആലപ്പുഴ: വനിതാ മതിലിനെ തുടക്കംമുതൽ എതിർത്ത പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ ജില്ലാതല സംഘാടക സമിതി മുഖ്യരക്ഷാധികാരിയാക്കി. ബുധനാഴ്ച വൈകീട്ട് ആലപ്പുഴ കളക്ടറേറ്റിൽ ധനമന്ത്രി തോമസ് ഐസക്കിന്റെ സാന്നിധ്യത്തിൽ നടന്ന യോഗത്തിലാണ് അദ്ദേഹത്തെ ജില്ലയിലെ മന്ത്രിമാർക്കൊപ്പം സംഘാടകസമിതിയിൽ ഉൾപ്പെടുത്തിയത്. പബ്ലിക് റിലേഷൻ വകുപ്പ് പത്രക്കുറിപ്പും ഇറക്കി. ആലപ്പുഴയിലെ കോൺഗ്രസ് എം.എൽ.എ.മാരെയും എം.പി.മാരെയും രക്ഷാധികാരികളുമാക്കിയിട്ടുണ്ട്.

വിവരമറിഞ്ഞ രമേശ് ചെന്നിത്തല ജില്ലാ കളക്ടർ എസ്. സുഹാസിനെ ഫോണിൽ വിളിച്ച് പ്രതിഷേധമറിയിച്ചു. അനുമതി ഇല്ലാതെ എങ്ങനെയാണ് മുഖ്യരക്ഷാധികാരിയാക്കിയതെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ഈ സമയം യോഗത്തിലുണ്ടായിരുന്നില്ലെന്ന് കളക്ടർ പറഞ്ഞു.

ഇത് മര്യാദകേടാണെന്നും ഉടൻ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല പത്രക്കുറിപ്പും ഇറക്കി. ജില്ലയിലെ ജനപ്രതിനിധികളാരും വനിതാ മതിലിൽ പങ്കെടുക്കില്ലെന്ന് ആലപ്പുഴ ഡി.സി.സി. പ്രസിഡന്റ് എം. ലിജുവും അറിയിച്ചു.

പുറത്തുവന്നത് പൊള്ളത്തരം -ചെന്നിത്തല

എന്നോട് ആലോചിക്കാതെ രക്ഷാധികാരിയായി വെച്ചത് അപഹാസ്യമായ രാഷ്ട്രീയ ഗിമ്മിക്കും സാമാന്യ മര്യാദയുടെ ലംഘനവുമാണ്. വനിതാ മതിലിന്റെ പൊള്ളത്തരവും കാപട്യവുമാണ് പുറത്തുവരുന്നത്. വനിതാ മതിലിനോട് എനിക്കും യു.ഡി.എഫിനുമുള്ള എതിർപ്പ് വ്യക്തമാക്കി മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. എന്നിട്ടും രക്ഷാധികാരിയാക്കിയത് രാഷ്ട്രീയ സദാചാരത്തിന് ചേരുന്ന നടപടിയല്ല. പി.ആർ.ഡി. ആദ്യമിറക്കിയ പത്രക്കുറിപ്പിൽ എന്റെ പേരില്ലായിരുന്നു. രണ്ടാമത്തേതിൽ പേരുവെച്ച് ഇറക്കി. ഇത് മനഃപൂർവമാണ്. ഗൂഢാലോചനയുണ്ട്. രക്ഷാധികാരിയാക്കിയ നടപടി ഉടൻ പിൻവലിക്കണം

-രമേശ് ചെന്നിത്തല, പ്രതിപക്ഷനേതാവ്