ആലപ്പുഴ: സാലറി ചലഞ്ചിൽ പങ്കെടുക്കാത്തവരുൾപ്പെടെ 1.7 ലക്ഷത്തോളം സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പളപരിഷ്‌കരണ കുടിശ്ശിക ‘സ്പാർക്ക്’ കുരുക്കി. സർക്കാർ അനുവദിച്ച ആനുകൂല്യം കൃത്യമായി കിട്ടാതെ വലയുകയാണ് വലിയൊരുവിഭാഗം ജീവനക്കാർ. സംസ്ഥാന ജീവനക്കാരുടെ ശമ്പളവും സാമ്പത്തിക കണക്കുകളും സജ്ജമാക്കുന്ന ഓൺലൈൻ പോർട്ടലാണ് സ്പാർക്ക്.

ശമ്പളപരിഷ്‌കരണത്തിലെ നാലാംഗഡു കുടിശ്ശിക ഒക്ടോബർ ആദ്യമാണ് അനുവദിച്ചത്. സർക്കാർ സാലറി ചലഞ്ച് പ്രഖ്യാപിച്ചതിനോടടുത്താണ് നാലാംഗഡു കുടിശ്ശികയും പ്രഖ്യാപിച്ചത്. ആദ്യ മൂന്ന് ഗഡുക്കളും പ്രോവിഡന്റ് ഫണ്ടിൽ ലയിപ്പിച്ചിരുന്നു. നാലാംഗഡു നേരിട്ട് നൽകുമെന്ന് സർക്കാർ പ്രഖ്യാപിക്കുകയും അനുവദിക്കുകയും ചെയ്തു. സ്പാർക്ക് കാര്യങ്ങൾ കൈകാര്യംചെയ്യുന്നത് അതത് ഓഫീസുകൾ വഴിയായതിനാൽ എല്ലായിടത്തും ഇതിനുള്ള നടപടികൾ നീക്കി.

ഒരുവിഭാഗം ജീവനക്കാർ കുടിശ്ശിക സാലറി ചലഞ്ചിലേക്ക് വകയിരുത്തി. എന്നാൽ, സാലറി ചലഞ്ചിൽ പങ്കെടുക്കാത്ത ഒരു വിഭാഗത്തിനുൾപ്പെടെ കുടിശ്ശിക ഇപ്പോഴും കിട്ടിയിട്ടില്ല. സ്പാർക്കിലെ സാങ്കേതികപ്രശ്‌നമാണ് കാരണമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. സ്പാർക്കിന്റെ കുരുക്കിന് പിന്നിൽ ചില സംഘടനാ കളികളുണ്ടെന്നും ആരോപണമുണ്ട്.

സംസ്ഥാന ജീവനക്കാരും അധ്യാപകരുമായി മൊത്തം 5,50,000 പേരുണ്ട്. കുടിശ്ശിക സംബന്ധിച്ച് ആർക്കും പരാതിയില്ലെന്നാണ് ധനകാര്യ വകുപ്പിലെ സ്പാർക്കിന്റെ ചുമതലയുള്ള ഓഫീസ് അറിയിച്ചത്. ഇവരുടെ കണക്കുപ്രകാരം ഇതുവരെ 3,80,000 ജീവക്കാർക്ക് ശമ്പളക്കുടിശ്ശിക നൽകി. ഈ കണക്കുനോക്കിയാൽപോലും ഇനിയും 1,70,000 പേർക്ക് കുടിശ്ശിക കിട്ടാനുണ്ട്.

കുടിശ്ശിക സാലറി ചലഞ്ചിലേക്ക് എടുത്തുകൊള്ളാൻ സമ്മതം നൽകിയ നൂറുകണക്കിന് ഉദ്യോഗസ്ഥർ, സുപ്രീംകോടതിവിധി വന്നശേഷം പണം പിടിക്കരുതെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട വകുപ്പുകളെ സമീപിച്ചിട്ടുണ്ട്. ഇത്തരക്കാർക്ക് കുടിശ്ശികകിട്ടാൻ ഏറെ വൈകുമെന്നാണ് സൂചന.

പ്രശ്‌നമുണ്ട്, പരിഹരിക്കും -മന്ത്രി

ശമ്പളക്കുടിശ്ശിക ഒട്ടേറെപ്പേർക്ക് കിട്ടാനുണ്ടെന്നുള്ളത് യാഥാർഥ്യമാണ്. ഇത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പരമാവധി വേഗത്തിൽ ജീവനക്കാർക്ക് പണം കിട്ടാനുള്ള നടപടി നീക്കും. വൈകാതെ പ്രശ്‌നം പരിഹരിക്കും.

-ഡോ. ടി.എം. തോമസ് ഐസക്, ധനകാര്യമന്ത്രി

ശത്രുതാപരമായ നിലപാട്

സാലറി ചലഞ്ചിൽ പങ്കെടുക്കാത്ത സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പള പരിഷ്കരണ കുടിശ്ശിക വൈകിപ്പിക്കുന്നത് ശത്രുതാപരമായ നിലപാടാണ്. ഈ നടപടി എത്രയുംവേഗം അവസാനിപ്പിച്ച് എല്ലാ ഉദ്യോഗസ്ഥർക്കും കുടിശ്ശിക ലഭ്യമാക്കണം

-എൻ.കെ. ബെന്നി (ചെയർമാൻ, സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ്‌ ടീച്ചേഴ്സ് ഓർഗനൈസേഷൻ)