ആലപ്പുഴ: പ്രളയം കേരളത്തിലെ നദികളുടെയും തോടുകളുടെയും തീരങ്ങളിലെ കൈയേറ്റങ്ങൾ ഒഴിപ്പിച്ചതായി തദ്ദേശസ്വയംഭരണ വകുപ്പിന്റെ കണ്ടെത്തൽ. ഇത് പതിനായിരത്തിലേറെ ഹെക്ടർ വരുമെന്നാണ് പ്രാഥമിക നിഗമനം. വീണ്ടും കൈയേറ്റസാധ്യതയുള്ളതിനാൽ തദ്ദേശസ്ഥാപനങ്ങൾ ഇവിടങ്ങളിൽ സർവേ നടത്തി കല്ലുകൾ സ്ഥാപിക്കും.

കഴിഞ്ഞമാസം തദ്ദേശവകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന സംസ്ഥാനതല കോ-ഓർഡിനേഷൻ കമ്മിറ്റി തീരുമാനത്തെ തുടർന്നാണ് നടപടി. എല്ലാ ജില്ലകളിലും റീസർവേ നടത്തി ജനപങ്കാളിത്തത്തോടെയായിരിക്കും കല്ലിടുക.

തദ്ദേശസ്ഥാപനങ്ങളിലെ എൻജിനീയർമാരുടെയും ഓവർസിയർമാരുടെയും നേതൃത്വത്തിലുള്ള പ്രത്യേകസംഘമാകും സർവേ നടത്തുക. പിഴുതുകളയാനാകാത്തതും എല്ലാവർക്കും കാണാൻ പാകത്തിലുള്ളതുമായ വലിയ സർവേക്കല്ലുകളാകും സ്ഥാപിക്കുക.

എറണാകുളം, കോട്ടയം, ആലപ്പുഴ, ഇടുക്കി, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് കൈയേറ്റം കൂടുതലെന്നാണ് പ്രാഥമിക നിഗമനം. തോടുകളുടെയും നദികളുടെയും തീരങ്ങളിലെ െെകയേറ്റങ്ങളിൽ 60 ശതമാനവും ഈ ജില്ലകളിലാണ്. റിസോർട്ട് നിർമാണം, വഴിവെട്ടൽ, അതിർത്തിക്കെട്ടുകൾ, മരം വെച്ചുപിടിപ്പിക്കൽ, വള്ളങ്ങളിട്ട് പ്രദേശം സ്വന്തമാക്കൽ, പുരവഞ്ചികളിലേക്കും റിസോർട്ടുകളിലേക്കും തടികൊണ്ടുള്ള താത്കാലിക ജെട്ടിനിർമാണം എന്നീ രീതികളിലാണ് കൈയേറ്റങ്ങൾ. ഇത്തരം െെകയേറ്റങ്ങളിൽ 90 ശതമാനവും പ്രളയത്തോടെ ഇല്ലാതായിട്ടുണ്ട്.

കൈയേറ്റങ്ങളെത്തുടർന്ന് ഓടകൾ തടസ്സപ്പെടുകയും നദികളിലും പുഴകളിലും നീരൊഴുക്ക് കുറയുകയും ചെയ്തിരുന്നു. തദ്ദേശ സ്വയംഭരണവകുപ്പ് ചീഫ് എൻജിനീയറാണ് സമിതിമുമ്പാകെ റീസർവേ ആവശ്യം കൊണ്ടുവന്നത്.