ആലപ്പുഴ: പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ അടിവയറ്റില്‍ മാരക മുറിവെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. കരളും വൃക്കയും അടക്കം ആന്തരികാവയവങ്ങള്‍ പ്രവര്‍ത്തനരഹിതമായിരുന്നു. ശരീരത്തില്‍ 18 മുറിവുകള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

അതിക്രൂരമായ മര്‍ദനം ഏറ്റാണ് ശ്രീജിത്ത് മരിച്ചതെന്ന് വ്യക്തമാക്കുന്നതാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. അടിവയറ്റില്‍ ആഴത്തിലുള്ള മുറിവേറ്റു. കുടല്‍ മുറിയുകയും, തന്മൂലം ഉണ്ടായ അണുബാധയുമാണ് മരണത്തിനിടയാക്കിയത്. വൃക്ക, കരള്‍ എന്നിവ അടക്കം പ്രധാന ആന്തരികാവയവങ്ങള്‍ പ്രവര്‍ത്തനരഹിതമായിരുന്നു. ശരീരത്തില്‍ മുറിവുകളും ചതവുകളും ഉണ്ട്. ഇവയ്ക്ക് രണ്ടുമുതല്‍ മൂന്നുദിവസം വരെയാണ് പഴക്കമെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഫൊറന്‍സിക് സര്‍ജന്‍ ഡോ. സക്കറിയയുടെ നേതൃത്വതിലുള്ള മൂന്നംഗ സംഘമാണ് ശ്രീജിത്തിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്തത്. പൂര്‍ണവിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് വ്യാഴാഴ്ച വൈകുന്നേരതോടെ പോലീസിന് കൈമാറി.

അന്വേഷണത്തിന്റ ഭാഗമായി അടുത്തദിവസംതന്നെ പോലീസ്, ഫോറന്‍സിക് സര്‍ജന്റെ വിശദമൊഴി രേഖപ്പെടുത്തും.