ആലപ്പുഴ: ആലപ്പുഴ നഗരസഭാ സെക്രട്ടറിക്കെതിരേ നടപടിയെടുക്കാന്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ കൈയാങ്കളി. പരിക്കേറ്റ മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് ജോസഫിനെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ടിലെ കെട്ടിടങ്ങളുമായി ബന്ധപ്പെട്ട ഫയല്‍ കാണാതായ സംഭവത്തില്‍ സസ്‌പെന്‍ഡ് ചെയ്ത ഉദ്യോഗസ്ഥരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് 12 ദിവസം ജീവനക്കാര്‍ സമരം ചെയ്തിരുന്നു.
 
സമരം ചെയ്ത ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കരുതെന്ന് ചെയര്‍മാന്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇത് മറികടന്ന് സെക്രട്ടറി ശമ്പളത്തിന് അനുമതി നല്‍കി. ഇതിനെതിരേ നടപടിയെടുക്കാനാണ് ബുധനാഴ്ച ഉച്ചയ്ക്കുശേഷം കൗണ്‍സില്‍ ചേര്‍ന്നത്.

അതിനിടയില്‍ യു.ഡി.എഫ്. കൗണ്‍സിലര്‍ ബഷീര്‍ കോയാപറമ്പില്‍ തങ്ങളുടെ അംഗത്തിനെതിരേ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്നാരോപിച്ച് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ബഹളംകൂട്ടി എഴുന്നേറ്റു. ഇതിനിടെ നഗരസഭാ സെക്രട്ടറി യു.ബി. സതീശനെതിരേ നടപടിയെടുക്കണമെന്ന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്ന് പറഞ്ഞ് അജന്‍ഡ പാസാക്കിയതായി ചെയര്‍മാന്‍ അറിയിച്ചു.
 
തൊട്ടുപിന്നാലെ കൗണ്‍സിലര്‍മാര്‍ ഗ്ലാസും കസേരയും എടുത്തെറിയുകയും ഫയലുകള്‍ വലിച്ചെറിയുകയും ചെയ്തതോടെ രംഗം പ്രക്ഷുബ്ധമായി. തുടര്‍ന്ന് ചെയര്‍മാനെയും ഭരണപക്ഷാംഗങ്ങളേയും പുറത്തുവിടില്ലെന്ന് പറഞ്ഞ് കൗണ്‍സില്‍ വാതിലുകള്‍ പ്രതിപക്ഷം അടച്ചിട്ടു. ക്ഷുഭിതരായ അംഗങ്ങള്‍ പരസ്​പരം ഏറ്റുമുട്ടി.
 
സംഘര്‍ഷം ഏറെനേരം നീണ്ടു. ഉന്തിലും തള്ളിലും ഇരുപക്ഷത്തെയും അംഗങ്ങള്‍ താഴെവീണു. പലര്‍ക്കും നിസ്സാര പരിക്കുണ്ട്. സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ ബഷീറിനെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ നഗരസഭാ പടിക്കല്‍ ധര്‍ണ നടത്തി. സംഘര്‍ഷം നിയന്ത്രണാതീതമായപ്പോള്‍ സൗത്ത് പോലീസ് സ്ഥലത്തെത്തിയിരുന്നു.