പാലക്കാട്: വിശ്വമാനവികതയ്ക്ക് കാവ്യജീവനേകിയ മലയാളത്തിന്റെ മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിക്ക് (94) കൈരളിയുടെ അന്ത്യപ്രണാമം. ജ്ഞാനപീഠമേറിയ ആ അക്ഷരസൂര്യൻ വ്യാഴാഴ്ച അസ്തമിച്ചു. എന്നും കണ്ണീരൊഴുക്കുന്നവനൊപ്പംനിന്ന് നിത്യസത്യത്തിന്റെ പൊരുൾതേടിയ ആ കവിതകൾ ഇനി ബാക്കി.

ശ്വാസംമുട്ടലിനെത്തുടർന്ന് 12-ന് രാത്രിയാണ് അദ്ദേഹത്തെ തൃശ്ശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച രാവിലെ 8.10-ന് അന്തരിച്ചു. മക്കളായ അക്കിത്തം വാസുദേവൻ, നാരായണൻ, ഇന്ദിര എന്നിവരുൾപ്പെടെ കുടുംബാംഗങ്ങൾ അടുത്തുണ്ടായിരുന്നു. തൃശ്ശൂർ േകരള സാഹിത്യ അക്കാദമിയിൽ പൊതുദർശനത്തിനുവെച്ചശേഷം പാലക്കാട് കുമരനല്ലൂർ അമേറ്റിക്കര ‘ദേവായനം’ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ ശവസംസ്കാരം നടന്നു.

മലയാളകവിതയിൽ ആധുനികതയ്ക്ക് തുടക്കമിട്ട കവിയാണ് അക്കിത്തം. ഉപനിഷത്തുക്കളുടെ ആശയം മുതൽ ധാർമിക ചിന്തകളും ഇന്ത്യൻ തത്ത്വചിന്തയും ആഴത്തിൽ പ്രതിഫലിച്ച കവിതകളായിരുന്നു അദ്ദേഹത്തിന്റേത്. ‘വെളിച്ചം ദുഃഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം’ എന്നുപാടിയ ‘ഇരുപതാംനൂറ്റാണ്ടിന്റെ ഇതിഹാസം’ എന്ന ഖണ്ഡകാവ്യം 1952-ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് പ്രസിദ്ധീകരിച്ചത്.

2017-ൽ രാഷ്ട്രം പദ്മശ്രീ ബഹുമതി നൽകി ആദരിച്ചു. മൂർത്തീദേവീ പുരസ്‌കാരവും കേന്ദ്ര-കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങളും എഴുത്തച്ഛൻ പുരസ്‌കാരവുമുൾപ്പെടെ പ്രധാന ബഹുമതികളെല്ലാം തേടിയെത്തി. മാതൃഭൂമി സാഹിത്യ പുരസ്‌കാരത്തിനും അർഹനായി.

ഭാര്യ: പരേതയായ പട്ടാമ്പി കീഴായൂർ ആലമ്പിള്ളിമനയിൽ ശ്രീദേവി അന്തർജനം.

മക്കൾ: പാർവതി അന്തർജനം (പാവൂട്ടിമന, കാറൽമണ്ണ), ഇന്ദിര (ആത്രശ്ശേരിമന, റിട്ട. ലൈബ്രേറിയൻ, കേരള സാഹിത്യ അക്കാദമി), ചിത്രകാരൻ അക്കിത്തം വാസുദേവൻ (ബറോഡ എം.എസ്. യൂണിവേഴ്‌സിറ്റി), ശ്രീജ (സംഗീതാധ്യാപിക, ചെർപ്പുളശ്ശേരി), ലീല (മുംബൈ, ഈക്കാട്ടുമന പട്ടാമ്പി), നാരായണൻ, (ബിസിനസ്, പട്ടാമ്പി).

മരുമക്കൾ: പാവൂട്ടിമന പരേതനായ സുബ്രഹ്മണ്യൻ നമ്പൂതിരി (റിട്ട. വില്ലേജ് ഓഫീസർ, ചെർപ്പുളശ്ശേരി), എ.എം.പി. ത്രിവിക്രമൻ നമ്പൂതിരി (റിട്ട. പ്രൊഫ. കേന്ദ്ര സംസ്കൃത വിദ്യാപീഠം, പുറനാട്ടുകര), പി. ബിന്ദു (അധ്യാപിക, തൃക്കാവ് ഗവ. ഹയർസെക്കൻഡറി സ്കൂൾ, പൊന്നാനി), ചിത്രകാരി മനീഷ ദോഷി (അഹമ്മദാബാദ്), ടി.ജി. ഉണ്ണിക്കൃഷ്ണൻ (റിട്ട. ജില്ലാ ട്രഷറി ഓഫീസർ, ചെർപ്പുളശ്ശേരി), ഇ.എം. നാരായണൻ നമ്പൂതിരി (സീനിയർ എൻജിനിയർ, ഭാരത് ബിജ്‌ലി കോർപറേഷൻ, മുംബൈ).