കൊല്ലം : ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണവുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാര്‍ നിലപാട് അല്‍പ്പത്തരമാണെന്ന് മന്ത്രി എ.കെ.ബാലന്‍. പുരസ്‌കാരം രാഷ്ട്രപതിയില്‍നിന്ന് വാങ്ങുകയെന്നത് കലാകാരന്മാരുടെ അവകാശമാണ്. അത് നിഷേധിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കൊല്ലത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

പുരസ്‌കാരം ലഭിച്ച 140 പേരില്‍ 68 പേര്‍ ചടങ്ങ് ബഹിഷ്‌കരിക്കുകയാണ്. കേരളത്തില്‍നിന്ന് പുരസ്‌കാരം ലഭിച്ച 14 പേരില്‍ രണ്ടുപേര്‍ക്കുമാത്രമാണ് രാഷ്ട്രപതിയില്‍നിന്ന് പുരസ്‌കാരം വാങ്ങാന്‍ ഭാഗ്യമുണ്ടായത്. കലാകാരന്മാരുടെ പ്രതിഷേധത്തോട് സര്‍ക്കാര്‍ പൂര്‍ണമായി യോജിക്കുന്നു. എന്നാല്‍, യേശുദാസും ജയരാജും അവാര്‍ഡ് വാങ്ങുന്നതില്‍ സര്‍ക്കാരിന് പ്രതിഷേധവുമില്ല.

കേന്ദ്രസര്‍ക്കാര്‍ ഇത്തരം നിഷേധ നിലപാട് മുന്‍പും സ്വീകരിച്ചിട്ടുണ്ട്. പദ്മ അവാര്‍ഡിനായി കേരളം നിര്‍ദേശിച്ച പ്രഗല്ഭരായ പ്രതിഭകളെ കേന്ദ്രം പൂര്‍ണമായി ഒഴിവാക്കി. കലാകാരന്മാരോടുള്ള അസഹിഷ്ണുതയുടെ ഭാഗമാണോ കേന്ദ്ര നിലപാടെന്ന ചോദ്യത്തിന് കലാസാംസ്‌കാരിക രംഗത്തുള്ളവര്‍ക്ക് അവരുടേതായ രാഷ്ട്രീയമുണ്ടാകാം. അതിന്റെ പേരില്‍ അവഗണന കാട്ടുന്നത് മോശം ചിന്താഗതിയാണെന്ന് മന്ത്രി പറഞ്ഞു. കേന്ദ്ര നിലപാട് ഒഴിവാക്കേണ്ടതായിരുന്നു. അതില്‍ സംസ്ഥാന സര്‍ക്കാരിന് ശക്തമായ പ്രതിഷേധമുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.