കൊച്ചി: പതിന്നാലു മണിക്കൂറോളം നീണ്ട ചോദ്യംചെയ്യലിനുശേഷം ആയിഷ സുൽത്താന ലക്ഷദ്വീപിനു പുറത്തേക്ക്. മൂന്നുദിവസങ്ങളിലായി നടന്ന ചോദ്യംചെയ്യലുകൾക്കുശേഷം ലക്ഷദ്വീപ് പോലീസ് ആയിഷയ്ക്ക് ദ്വീപ് വിടാൻ അനുമതി നൽകി. തത്കാലം അറസ്റ്റ് വേണ്ടെന്ന നിലപാടിലാണ് കവരത്തി പോലീസ്. ആവശ്യമുണ്ടെങ്കിൽ വീണ്ടും വിളിപ്പിക്കും. ആയിഷ ശനിയാഴ്ച വിമാനത്തിൽ കൊച്ചിയിലെത്തും.

ലക്ഷദ്വീപ് വിഷയത്തിൽ സ്വകാര്യചാനൽ ചർച്ചയ്ക്കിടെ, ദ്വീപ് ജനതയ്ക്കെതിരേ കേന്ദ്രസർക്കാർ ‘ജൈവായുധം’ പ്രയോഗിക്കുന്നുവെന്ന് ആയിഷ ആരോപിച്ചിരുന്നു. ലക്ഷദ്വീപ് ബി.ജെ.പി. ഘടകം ഇതിനെതിരേ കവരത്തി പോലീസിൽ പരാതി നൽകിയതിനെത്തുടർന്നാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. കൊച്ചിയിൽ താമസിക്കുന്ന ആയിഷയെ ചോദ്യംചെയ്യാൻ ഞായറാഴ്ചയാണ് വിളിപ്പിച്ചത്. ഞായറാഴ്ച മൂന്നുമണിക്കൂറോളം ചോദ്യംചെയ്യലിനു ശേഷം ദ്വീപ് വിടരുതെന്ന് നിർദേശം നൽകി. ബുധനാഴ്ച രാവിലെ വീണ്ടും വിളിപ്പിച്ച് എട്ടുമണിക്കൂറോളം ചോദ്യംചെയ്തു.

വ്യാഴാഴ്ച രാവിലെ 9.45-ന് തുടങ്ങിയ ചോദ്യംചെയ്യൽ 12.30 വരെ നീണ്ടു. സാമൂഹികമാധ്യമങ്ങളിലെ ഇടപെടലുകൾ, ബന്ധങ്ങൾ, മറ്റു രാജ്യങ്ങളിലുള്ളവരുമായുള്ള സൗഹൃദം, ബാങ്കിടപാടുകൾ എന്നിവ സംബന്ധിച്ച് വ്യാഴാഴ്ച കൂടുതൽ വിശദീകരണം തേടി. തന്റെ വളരെയടുത്ത ബന്ധുക്കൾ രോഗബാധിതരായി കൊച്ചിയിലും മംഗളൂരുവിലും ചികിത്സയിൽ കഴിയുന്നുണ്ടെന്നും ഇവരെ പരിചരിക്കാൻ മടങ്ങണമെന്നും ആയിഷ പോലീസിനെ അറിയിച്ചു. തുടർന്നാണ് ദ്വീപ് വിടാൻ അനുമതി നൽകിയത്.

Content Highlight: Aisha Sultana to return to Kochi from Lakshadweep