കൊച്ചി: രാജ്യദ്രോഹക്കുറ്റം ചുമത്തിയ ആയിഷ സുൽത്താനയെ ലക്ഷദ്വീപ് പോലീസ് ചോദ്യം ചെയ്തത് എട്ടുമണിക്കൂറോളം. ആയിഷയുടെ സാമൂഹികമാധ്യമങ്ങളിലുൾപ്പടെയുള്ള ‘അന്താരാഷ്ട്ര ബന്ധങ്ങൾ’ സംബന്ധിച്ചായിരുന്നു ചോദ്യംചെയ്യൽ. അറസ്റ്റുണ്ടാകുമെന്ന് ആയിഷയുൾപ്പെടെ പ്രതീക്ഷിച്ചെങ്കിലും കവരത്തി പോലീസ് അതിന് മുതിർന്നില്ല. ലക്ഷദ്വീപ് വിടാനുള്ള അനുമതി പോലീസ് നൽകിയിട്ടില്ല. വ്യാഴാഴ്ച വീണ്ടും ചോദ്യംചെയ്യാൻ വിളിപ്പിച്ചേക്കുമെന്നാണ് സൂചന.

സ്വകാര്യ ചാനൽ ചർച്ചയ്ക്കിടെ കേന്ദ്രസർക്കാർ ദ്വീപ്‌ ജനതയ്ക്കെതിരേ ജൈവായുധം പ്രയോഗിക്കുന്നു എന്ന് ആയിഷ ആരോപിച്ചിരുന്നു. ലക്ഷദ്വീപ് ബി.ജെ.പി. ഘടകം ഇതിനെതിരേ പരാതി നൽകുകിയതിനെ തുടർന്നാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.

ആയിഷയുടെ ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിശദവിവരങ്ങൾ പോലീസ് ശേഖരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടായിരുന്നു ആദ്യഘട്ട ചോദ്യങ്ങൾ. ആയിഷയ്ക്ക് വിദേശത്തുനിന്ന് ഫണ്ടു വരുന്നുണ്ടോ എന്നതാണ് പരിശോധിച്ചത്. ഇതിനുശേഷം സാമൂഹികമാധ്യമങ്ങളിലെ ബന്ധങ്ങൾ സന്ദേശങ്ങൾ എന്നിവയും പരിശോധിച്ചു. ഏതൊക്കെ രാജ്യങ്ങളിലുള്ളവരുമായി ബന്ധങ്ങളുണ്ടെന്നതടക്കം ചോദിച്ചറിഞ്ഞു.

ചോദ്യംചെയ്യൽ പൂർത്തിയായിട്ടില്ലെന്നും വ്യാഴാഴ്ച വീണ്ടും വിളിപ്പിക്കാനിടയുണ്ടെന്നും ആയിഷയ്ക്കും അഭിഭാഷകനും പോലീസ് അറിയിപ്പ് നൽകിയിട്ടുണ്ട്. അറസ്റ്റ് ചെയ്താൽ ജാമ്യം അനുവദിക്കണമെന്ന് ഹൈക്കോടതി വിധിയുള്ളതിനാൽ അറസ്റ്റ് ഒഴിവാക്കിയുള്ള നടപടികളാണ് കവരത്തി പോലീസ് ആലോചിക്കുന്നത്.

കോഴിക്കോട് പ്രതിഷേധം ഇന്ന്

കൊച്ചി: സേവ് ലക്ഷദ്വീപ് ഫോറം കോഴിക്കോട് ഘടകം വ്യാഴാഴ്ച കോഴിക്കോട് ഇൻകംടാക്സ് ഓഫീസിന് മുന്നിൽ ധർണ നടത്തും. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്റെ ജനദ്രോഹ നടപടികളിലും മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുന്നതിലും പ്രതിഷേധിച്ചാണ് ധർണ. വൈകീട്ട് മൂന്നിന് എം.വി. ശ്രേയാംസ് കുമാർ എം.പി. ഉദ്ഘാടനംചെയ്യും. കോഴിക്കോട് കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് മുഖ്യപ്രഭാഷണം നടത്തും. സേവ് ലക്ഷദ്വീപ് ഫോറം കോ-ഓർഡിനേറ്റർ ഡോ. കെ.പി. സാദിഖിന്റെ അധ്യക്ഷതയിലാണ് ധർണ.