കരിപ്പൂര്‍: വിദേശത്തു മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന് നിലവിലുള്ള രീതി തുടരുമെന്ന് കോഴിക്കോട് വിമാനത്താവള ഡയറക്ടര്‍ ജെ.ടി. രാധാകൃഷ്ണ പറഞ്ഞു. വിമാനക്കമ്പനികളും വിമാനത്താവള ആരോഗ്യവിഭാഗവുമാണ് ഇതു കൈകാര്യംചെയ്യേണ്ടതെന്നും പൊതുജനം ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അദ്ദേഹംപറഞ്ഞു.

മൃതദേഹം കൊണ്ടുവരുന്നതിനെക്കുറിച്ച് കോഴിക്കോട് വിമാനത്താവള ആരോഗ്യ വകുപ്പുദ്യോഗസ്ഥന്‍ വിമാനക്കമ്പനികള്‍ക്ക് നല്‍കിയ നിര്‍ദേശം വിവാദമായ പശ്ചാലത്തില്‍ച്ചേര്‍ന്ന യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

48 മണിക്കൂര്‍മുമ്പ് എന്നുള്ളത് അരമണിക്കൂര്‍മുമ്പ് രേഖകള്‍ ആരോഗ്യവകുപ്പിനെ അറിയിച്ചാലും മതി. മൃതദേഹം എത്തിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുജനം വിമാനത്താവളത്തിലെത്തി ചെയ്യേണ്ട കാര്യങ്ങളൊന്നും ഇതിലില്ല.

മൃതദേഹവുമായി ബന്ധപ്പെട്ട രേഖകള്‍ എത്തിച്ചു നല്‍കേണ്ടത് വിമാനക്കമ്പനികളുടെ ഉത്തരവാദിത്വമാണ്. ഇത് ജനങ്ങളുടേതാണെന്ന് വ്യാഖ്യാനിച്ചത് തെറ്റിദ്ധാരണ പരത്തിയിട്ടുണ്ട്. മൃതദേഹത്തില്‍ സാംക്രമികരോഗങ്ങളുണ്ടോ എന്നുനോക്കുക മാത്രമാണ് ചെയ്യുന്നത്. ഇതുമൂലം മൃതദേഹം കൊണ്ടുവരുന്നത് വൈകാന്‍ ഇടയാക്കില്ല.

2005ല്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളാണ് വിമാനക്കമ്പനികള്‍ക്ക് നല്‍കിയത്. കരിപ്പൂര്‍ ഉള്‍െപ്പടെയുള്ള വലിയ വിമാനത്താവളങ്ങളിലെല്ലാം ഇതുതന്നെയാണ് തുടരുന്നത്. നിലവില്‍ മൃതദേഹം കൊണ്ടുവരുമ്പോള്‍ അവയുടെ രേഖകളും മരണസര്‍ട്ടിഫിക്കറ്റും വിമാനക്കമ്പനികള്‍ ആരോഗ്യ ഉദ്യോഗസ്ഥന് കൈമാറണമെന്നും അദ്ദേഹം പറഞ്ഞു.

മൃതദേഹം കൊണ്ടുവരുമ്പോള്‍ ചുരങ്ങിയത് രണ്ട് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് കരിപ്പൂര്‍ ഹെല്‍ത്ത് ഉദ്യോഗസ്ഥന്‍ ഡോ. ജലാലുദ്ദീന്‍ പറഞ്ഞു. എമ്പാം സര്‍ട്ടിഫിക്കറ്റും മരണകാരണവും വ്യക്തമാക്കുന്ന രേഖകളാണ് ഹാജരാക്കേണ്ടതെന്നും ഇവ കൈകാര്യംചെയ്യാന്‍ വിമാനത്താവളത്തില്‍ ആരോഗ്യവകുപ്പ് മുഴുവന്‍സമയവും പ്രവര്‍ത്തിക്കുന്നുണ്ടെന്നും 2005-ലെ ഗൈഡ് ലൈന്‍സില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തില്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജെ.ടി. രാധാകൃഷ്ണ അധ്യക്ഷനായി. പി.വി. അബ്ദുള്‍വഹാബ് എം.പി, വിമാനത്താവള ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഡോ. ജലാലുദീന്‍, വിവിധ വിമാനക്കമ്പനി പ്രതിനിധികള്‍, കസ്റ്റംസ്, എമിഗ്രേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.

ഇന്നലെ സൗദിയില്‍ മരണപ്പെട്ട വയനാട് സ്വദേശി പ്രകാശ് ദാമോദരന്റെ മൃതദേഹം നിലവിലുള്ള സംവിധാനംവഴി തന്നെ കരിപ്പൂര്‍വഴി നാട്ടിലെത്തിച്ചു.