കൊച്ചി: ലോക്‌ഡൗണിൽ ലഭിച്ച ശുദ്ധവായുവിന്റെ തോത് കുറയുന്നതായി പഠനറിപ്പോർട്ട്. കൊല്ലവും കണ്ണൂരും വായുമലിനീകരണത്തിലേക്ക് നീങ്ങുന്നതായാണ് പഠനം സൂചിപ്പിക്കുന്നത്. സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്റ് (സി.എസ്.ഇ.) മലിനീകരണ നിയന്ത്രണ വിഭാഗത്തിന്റെയും കാലാവസ്ഥാ വകുപ്പിന്റെയും സഹകരണത്തോടെയാണ് പഠനം നടന്നത്.

തണുപ്പ് കാലത്ത് മലിനീകരണം കൂടുന്നതായാണ് ജനുവരി 26 വരെയുള്ള പഠനം സൂചിപ്പിക്കുന്നത്. കേരളം, കർണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലെ നഗരങ്ങളിലെ അന്തരീക്ഷാവസ്ഥയാണ് പഠിച്ചത്. കേരളത്തിൽ കൊച്ചി, കോഴിക്കോട്, കൊല്ലം, കണ്ണൂർ, തൃശ്ശൂർ, തിരുവനന്തപുരം എന്നിവിടങ്ങൾ പഠനത്തിൽ ഉൾപ്പെട്ടു. ദീപാവലിയുടെ ഭാഗമായുള്ള പടക്കം പൊട്ടിക്കലാണ് കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലെ വായു മലിനീകരണത്തിന്റെ മുഖ്യ കാരണം. ഈ സമയത്ത് ഒരു ഘനയടി വായുവിലെ 2.5 മൈക്രോൺ പൊടിയുടെ അളവ് ചില മണിക്കൂറുകളിൽ ദേശീയ ശരാശരിയുടെ 114 മടങ്ങ് അധികമായെന്ന് റിപ്പോർട്ട് പറയുന്നു.

ക്രിസ്മസ് കഴിഞ്ഞുള്ള ആഴ്ചയിൽ കോഴിക്കോട്, കൊച്ചി, കണ്ണൂർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ വായു ഗുണനിലവാരം ഏറ്റവും കുറഞ്ഞ നിലയിൽ എത്തി. തണുപ്പുകാലത്തെ കണക്കുകൾപ്രകാരം മറ്റ് നഗരങ്ങളെ അപേക്ഷിച്ച് തിരുവനന്തപുരത്തെ മലിനീകരണം രൂക്ഷമായി ബാധിച്ചിട്ടില്ല. കടലിൽനിന്നുള്ള കാറ്റിന്റെ സ്വാധീനം മോശം വായുവിന്റെ തോത് കുറയ്ക്കാൻ സഹായിച്ചിട്ടുണ്ട്. കൊച്ചിയിലെ വായുവിൽ ഏപ്രിൽ-മേയ് മാസങ്ങളിലേതിനെക്കാൾ അഞ്ചിരട്ടി മലിനീകരണം ഡിസംബറിൽ വന്നെന്നും പഠനം പറയുന്നു.

നഗരങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ‘എയർ ക്വാളിറ്റി മോണിറ്ററിങ് സ്റ്റേഷനു’കളിൽനിന്ന് ലഭിച്ച വിവരം അടിസ്ഥാനമാക്കിയാണ് പഠനം.

Content Highlights: air pollution in kerala study