മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽനിന്ന് സർവീസ് നടത്തുന്ന എയർഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിലേക്കുള്ള ബുക്കിങ് ഈയാഴ്ച തുടങ്ങും. എയർഇന്ത്യ എക്സ്പ്രസിന്റെ സർവീസ് സംബന്ധിച്ച സമയപ്പട്ടികയ്ക്ക് രണ്ടു ദിവസത്തിനകം ഡയരക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡി.ജി.സി.എ.) അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുസംബന്ധിച്ച അറിയിപ്പ് ലഭിക്കുന്ന മുറയ്ക്ക് റിസർവേഷൻ നടപടികൾ തുടങ്ങാനാണ് തീരുമാനം.

ആദ്യ സർവീസ് ഡിസംബർ ഒൻപതിന് അബുദാബിയിലേക്ക് നടത്താനാണ് ധാരണയായത്. ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉടനുണ്ടാകും. ഇതിനുപുറമേ റിയാദ്, മസ്കറ്റ്, ദുബായ്, ഷാർജ, ദോഹ എന്നിവിടങ്ങളിലേക്കും തുടക്കം മുതൽ സർവീസുകളുണ്ടാകും. ദിവസവും നാല് അന്താരാഷ്ട്ര സർവീസുകളാകും എയർഇന്ത്യ എക്സ്പ്രസ് നടത്തുക.

ഇൻഡിഗോ നടത്തുന്ന സർവീസുകളെക്കുറിച്ചും വൈകാതെ ധാരണയാകും. കണ്ണൂരിൽനിന്ന് വിദേശ, ആഭ്യന്തര സർവീസുകൾ നടത്താൻ താത്‌പര്യമറിയിച്ച് സ്പൈസ് ജെറ്റും രംഗത്തെത്തിയിട്ടുണ്ട്. ഇവരുമായി കിയാൽ എം.ഡി. വി.തുളസീദാസ് ചർച്ച നടത്താനിരിക്കുകയാണ്. ഗോഎയർ ആണ് കണ്ണൂരിൽനിന്ന് ഉദ്ഘാടനം മുതൽ സർവീസ് തുടങ്ങുന്ന മറ്റൊരു കമ്പനി. വിമാനത്താവളവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി വി.തുളസീദാസ് ചൊവ്വാഴ്ച ഡൽഹിയിലേക്ക് പോയി.