കരിപ്പൂര്‍: യാത്രക്കാര്‍ക്ക് മലബാര്‍ ഭക്ഷണവും നല്‍കാന്‍ എയര്‍ ഇന്ത്യ എക്‌സ്​പ്രസില്‍ പദ്ധതി. പുതുവര്‍ഷത്തില്‍ ഇത് നടപ്പാക്കാനാണ് ശ്രമം. ചെറിയതുക ഈടാക്കിയായിരിക്കും ഭക്ഷണവിതരണം. യാത്രക്കാര്‍ക്ക് ഓണ്‍ലൈനായി ആവശ്യമുള്ള ഭക്ഷണങ്ങള്‍ ബുക്കുചെയ്യാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയനീക്കം.
 
എയര്‍ ഇന്ത്യ എക്‌സ്​പ്രസിന്റെ യാത്രക്കാരില്‍ 68 ശതമാനവും മലബാര്‍ മേഖലയില്‍ നിന്നുള്ളവരായതിനാല്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഇവിടെ നിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്താനാണ് ധാരണ. സാധാരണ ഉത്തരേന്ത്യന്‍ രീതിയിലുള്ള ഭക്ഷണമാണ് വിമാനങ്ങളില്‍ വിതരണംചെയ്യുന്നത്. എയര്‍ ഇന്ത്യ എക്‌സ്​പ്രസ്‌ െചലവുകുറഞ്ഞ സര്‍വീസായതിനാല്‍ ഇതില്‍ സൗജന്യ ഭക്ഷണവിതരണം ഇല്ല.

നേരത്തെ എയര്‍ ഇന്ത്യ മലബാര്‍ ഭക്ഷണങ്ങള്‍ വിതരണംചെയ്തിരുന്നു. എന്നാല്‍ ഇത് പിന്‍വലിക്കുകയായിരുന്നു. എയര്‍ ഇന്ത്യ എക്‌സ്​പ്രസിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള പരാതികള്‍ നേരിട്ടറിയിക്കാന്‍ പ്രത്യേക ഫെയ്‌സ്ബുക്ക് പേജ് തുടങ്ങിയിട്ടുമുണ്ട്.
 
facebook.com/AirindiaExpressOfficial എന്ന ഐഡിയില്‍ ജനങ്ങള്‍ക്ക് വിവരങ്ങള്‍ പങ്കുവെക്കാവുന്ന തരത്തിലാണ് പേജ് ഒരുക്കിയത്. നെറ്റ് ബാങ്കിങ്, ക്രഡിറ്റ്, െഡബിറ്റ് കാര്‍ഡ് സൗകര്യങ്ങള്‍, വെബ് ബെയ്‌സ്ഡ് ബുക്കിങ് സൗകര്യങ്ങള്‍ എന്നിവയും യാത്രക്കാര്‍ക്ക് ഒരുക്കിയിട്ടുണ്ട്.