മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ തുടർച്ചയായി രണ്ടാംദിവസവും എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ വൈകിയത് യാത്രക്കാരെ വലച്ചു. അബുദാബിയിലേക്കുള്ള വിമാനം വൈകിയത് മുൻകൂട്ടി അറിയിച്ചില്ലെന്ന് ആരോപിച്ച് യാത്രക്കാർ ഞായറാഴ്ച രാവിലെ വിമാനത്താവളത്തിൽ പ്രതിഷേധിച്ചു.

എന്നാൽ സർവീസ് വൈകുന്നത് മെയിൽ വഴി യാത്രക്കാരെ അറിയിച്ചെന്നാണ് വിമാനക്കമ്പനി പറയുന്നത്‌. എയർ ഇന്ത്യ എക്സ്പ്രസിന് പകരം വിമാനങ്ങൾ കുറവായതിനാൽ ഒരു സർവീസ് വൈകിയാൽ അത് മറ്റു സർവീസുകളെയും ബാധിക്കുന്ന സ്ഥിതിയാണ്.

ബഹ്‌റൈനിൽനിന്ന് ശനിയാഴ്ച രാത്രി 7.10-ന് എത്തേണ്ട വിമാനം ഞായറാഴ്ച ഉച്ചയ്ക്ക് 2.50-നാണ് എത്തിയത്. ദോഹയിൽനിന്ന് പുലർച്ചെ 5.45-ന് എത്തേണ്ട വിമാനം എത്തിയത് ഉച്ചയ്ക്ക് രണ്ടിനാണ്. അബുദാബിയിലേക്ക് ഞായറാഴ്ച രാവിലെ 9.30-നുള്ള സർവീസ് വൈകുന്നേരം 4.16-നാണ് പുറപ്പെട്ടത്. ഷാർജയിലേക്ക് വൈകുന്നേരം നാലിന് പുറപ്പെടേണ്ട വിമാനവും രണ്ടുമണിക്കൂറോളം വൈകി. അബുദാബിയിൽനിന്ന് തിരിച്ച് 6.30-ന് കണ്ണൂരിലെത്തേണ്ട വിമാനം രാത്രി 12.30-ന് റീ ഷെഡ്യൂൾ ചെയ്തു. രാത്രി 8.30-ന് റിയാദിലേക്കുള്ള സർവീസ് രാത്രി 1.15-നാക്കി പുനഃക്രമീകരിച്ചു. സാങ്കേതികപ്രശ്നം കാരണമാണ് സർവീസുകൾ വൈകിയത്.

content highlights: air india express delayed in kannur airport