തൃശ്ശൂർ: സംസ്ഥാനത്ത് നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ കാർഷിക സർവേയ്ക്കുള്ള പണം ട്രഷറിയിലേക്കു നൽകില്ലെന്ന് കേന്ദ്രം. ജീവനക്കാരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ടുമാത്രമേ ഇനി പണംനൽകൂ. ധനമന്ത്രാലയത്തിനു കീഴിലുള്ള കൺട്രോളർ ജനറൽ ഓഫ് അക്കൗണ്ട്‌സിലെ പബ്ലിക് ഫിനാൻഷ്യൽ മാനേജ്‌മെന്റ് (പി.എഫ്.എം.എസ്.) സംവിധാനത്തിലൂടെമാത്രമേ പണം നൽകൂവെന്ന് കേന്ദ്ര കാർഷിക മന്ത്രാലയം കേരളത്തിനയച്ച കത്തിൽ അറിയിച്ചു. ബജറ്റിനുൾപ്പെടെ ആധാരമാക്കുന്ന കാർഷിക സ്ഥിതിവിവര കണക്കെടുപ്പിനെയും വിള ഇൻഷുറൻസിനെയും ഇത് ബാധിച്ചേക്കും.

നിലവിലുള്ള രീതിപോലെ ട്രഷറിയിലേക്കു നേരിട്ട് കേന്ദ്ര ഫണ്ട് ലഭ്യമാക്കണമെങ്കിൽ പദ്ധതിച്ചെലവിന്റെ 40 ശതമാനം കേരളം വഹിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെടുന്നു. ഇതിന് സംസ്ഥാനം മറുപടി നൽകിയിട്ടില്ല. പകരം പുതിയ സംവിധാനത്തിൽനിന്ന് കേരളത്തെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയിട്ടുണ്ട്.

സംസ്ഥാനത്ത് സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിനുകീഴിലാണ് കാർഷിക സർവേ നടപ്പാക്കുന്നത്. എസ്റ്റാബ്ലിഷ്‌മെന്റ് ഓഫ് ആൻ ഏജൻസി ഫോർ റിപ്പോർട്ടിങ് അഗ്രിക്കൾച്ചറൽ സ്റ്റാറ്റിസ്റ്റിക്‌സ് (ഇ.എ.ആർ.എ.എസ്.) അഥവാ ഇറാസ് വിഭാഗമാണ് കണക്കുകൾ ശേഖരിക്കുന്നത്. ഇതിനൊപ്പം ഇംപ്രൂവ്‌മെന്റ് ഓഫ് ക്രോപ് സ്റ്റാറ്റിസ്റ്റിക്‌സ് പദ്ധതിയുമുണ്ട്. രണ്ടും പൂർണമായും കേന്ദ്രഫണ്ടിലാണു പ്രവർത്തിക്കുന്നത്. വകുപ്പിലെ 2500 ജീവനക്കാരുള്ളതിൽ 1076 തസ്തികകളും കേന്ദ്രാവിഷ്‌കൃത പദ്ധതിയിലാണ്.

അടുത്ത സാമ്പത്തികവർഷത്തോടെ ഒരു വകുപ്പിൽ രണ്ടുരീതിയിൽ ശമ്പളം ലഭിക്കുന്ന സ്ഥിതിയാകും. വകുപ്പിലെ ജോയന്റ് ഡയറക്ടർമുതൽ ഇൻവെസ്റ്റിഗേറ്റർവരെയുള്ള ഒരുവിഭാഗം ജീവനക്കാർക്ക് പി.എഫ്.എം.എസ്. വഴിയും മറ്റുള്ളവർക്ക് ട്രഷറി വഴിയുമായിരിക്കും ശമ്പളം.

നിലവിൽ സംസ്ഥാന ട്രഷറിയിൽനിന്നു ജീവനക്കാർക്ക് ശമ്പളം കൃത്യമായി നൽകുകയും കേന്ദ്രഫണ്ട് ലഭിക്കുമ്പോൾ അത് ക്രമീകരിക്കുകയുമാണു ചെയ്യുന്നത്. ഇനിമുതൽ കേന്ദ്ര അക്കൗണ്ടിൽ പണമുണ്ടെങ്കിൽമാത്രമേ ഒരു വിഭാഗത്തിന് ശമ്പളവും അലവൻസുകളും കൃത്യമായി ലഭിക്കൂ. പി.എഫ്.എം.എസിലൂടെ കൃത്യമായി പണം ലഭ്യമായില്ലെങ്കിൽ നിയമനടപടികളിലേക്കു പോകാനും വകുപ്പിന്റെ പ്രവർത്തനംതന്നെ താളംതെറ്റാനും സാധ്യതയുണ്ട്.

കേന്ദ്രസർക്കാർ അറിയിപ്പിനെത്തുടർന്ന് ഇറാസ് സർവേയ്ക്കും ഇംപ്രൂവ്‌മെന്റ് ഓഫ് ക്രോപ് സ്റ്റാറ്റിസ്‌ക്‌സിനും 2020-21 സാമ്പത്തികവർഷംമുതൽ ഫണ്ട് വകയിരുത്തേണ്ടതില്ലെന്നറിയിച്ച് സംസ്ഥാന ധനവകുപ്പ് ആസൂത്രണ ബോർഡിന് കത്ത് നൽകിയിട്ടുണ്ട്.