നാഗർകോവിൽ: കൈക്കുഞ്ഞുൾപ്പെടെ നാലുമക്കളെ കൺമുന്നിൽവച്ച്‌ തിരമാലയെടുത്തുപോയത്‌ ആഗ്നസിന്‌ ഇപ്പോഴും മറക്കാനാകുന്നില്ല. പൊന്നുപോലെ വളർത്തിയെടുത്ത അവരെ ഓർത്ത്‌ നെഞ്ചുപിടഞ്ഞ്‌ ജീവിച്ച ആഗ്നസിനു പിന്നീട്‌ കടലമ്മ കനിഞ്ഞനുഗ്രഹിച്ചു നൽകിയത്‌ മൂന്നു കൺമണികളെ. 2004 ഡിസംബർ 26-ന് സുനാമിത്തിര തന്നിൽനിന്നു കവർന്നെടുത്ത മക്കളുടെ പേര്‌ നൽകി ആഗ്നസ്‌ അവരെ വളർത്തുന്നു. കന്യാകുമാരി കുളച്ചൽ കോട്ടിൽപ്പാട് തീരത്തെ ആഗ്നസിന്‌ സുനാമിക്കു ശേഷമുള്ളത്‌ എല്ലാ അർഥത്തിലും രണ്ടാം ജന്മം.

കടൽത്തീരത്തെ കുടിലിനു മുന്നിൽ ആഗ്നസ് കുട്ടികൾക്കൊപ്പം ഇരിക്കുമ്പോഴാണ് സുനാമി ആഞ്ഞടിക്കാൻ തുടങ്ങിയത്. മീൻപിടിക്കാൻ കടലിൽപോയിരുന്ന ഭർത്താവ് കനകരാജിനെക്കുറിച്ചായിരുന്നു ആഗ്നസിന്റെ വേവലാതി. എന്നാൽ, അപ്രതീക്ഷിതമായി വന്ന കൂറ്റൻ തിരമാല ആഗ്നസ് നോക്കിനിൽക്കെ മൂന്ന് കുട്ടികളെയും കടലിലേക്കു കൊണ്ടുപോയി. നിലവിളിക്കാനാകുന്നതിനു മുൻപ്‌ കൈയിലിരുന്ന രണ്ട് വയസ്സുള്ള കുഞ്ഞിനെയും തിരമാല തട്ടിയെടുത്തു. തിരയടിയിൽ വീണ ആഗ്നസ്‌, ഓർമ വരുമ്പോൾ ആശുപത്രിയിലായിരുന്നു.

കനകരാജ് അപകടമില്ലാതെ തിരിച്ചെത്തി

സുനാമിയിൽ കുട്ടികൾ നഷ്ടപ്പെട്ട സ്ത്രീകൾക്കു പ്രസവശേഷി വീണ്ടെടുക്കാനുള്ള ചികിത്സ നൽകാൻ അന്ന് തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത ഉത്തരവിട്ടു. കുളച്ചലിലെ സ്വകാര്യ ആശുപത്രിയിൽ സർക്കാർ സൗകര്യമൊരുക്കിയപ്പോൾ നിരവധി സ്ത്രീകൾ ചികിത്സയ്ക്കു പോയെങ്കിലും ആഗ്നസ് ആദ്യം മടിച്ചു. ഭർത്താവിന്റെ സമ്മതം ലഭിച്ചപ്പോൾ 26കാരിയായ ആഗ്നസ്‌ ചികിത്സയ്ക്കു പോയി. 2005-ൽ ഒരു പെൺകുട്ടിക്കു ജന്മം നൽകി. മരിച്ചുപോയ മൂത്തമകളുടെ പ്രദീഷയെന്ന പേര്‌ ആ കുഞ്ഞിനിട്ടു. ഇപ്പോൾ പ്രദീഷയ്ക്ക് 13 വയസ്സായി. 2007-ൽ ജനിച്ച കുട്ടിക്ക് രണ്ടാമത്തെ മകളുടെ പ്രദീമ എന്ന് പേരുനൽകി. 2008-ൽ ജനിച്ച ആൺകുട്ടിക്ക് മരിച്ചുപോയ മകന്റെ പ്രമോദ് എന്ന പേര് നൽകി.

‘‘മൂത്ത മോന് എട്ട് വയസ്സുള്ളപ്പോഴാണ് സുനാമി എന്റെ നാലുകുട്ടികളെ അപഹരിച്ചത്. മൂത്തമകൾ ജീവിച്ചിരുന്നെങ്കിൽ ഇപ്പോൾ കല്യാണപ്രായമായേനെ. ഞങ്ങളിൽനിന്നു പോയ മക്കളുടെ പുനർജന്മമാണ് ഇപ്പോൾ കിട്ടിയിരിക്കുന്നത്”- വിതുമ്പലോടെ ആഗ്നസ്‌ പറഞ്ഞുനിർത്തി.

സുനാമിയിൽ കോട്ടിൽപ്പാട് ഗ്രാമത്തിൽ മാത്രം 199 പേരുടെ ജീവൻ നഷ്ടമായി. കന്യാകുമാരി ജില്ലയിൽ ആയിരത്തിലധികം ജീവൻ അന്നത്തെ ദുരന്തത്തിൽ പൊലിഞ്ഞു. ഒരാൾപോലും ശേഷിക്കാതെ നാമാവശേഷമായ കുടുംബങ്ങളും ഇവിടെയുണ്ട്‌.

Content Highlights; agnus tsunami victim from kanyakumari