മങ്കൊമ്പ് : പ്രളയത്തിൽനിന്ന് കരകയറിയ കേരളത്തിൽ നെൽകൃഷി ചെയ്യുന്ന ഭൂമിയുടെ വിസ്തീർണം വർധിച്ചതായി കണക്കുകൾ. 2016-17ൽ സംസ്ഥാനത്തെ കൃഷിഭൂമി 1,71,398 ലക്ഷം ഹെക്ടറായിരുന്നു. 2017-18ൽ 1,89,086 ലക്ഷം ഹെക്ടറും. പ്രളയശേഷം 2018-19ൽ ഇത് 2,02,985 ലക്ഷം ഹെക്ടറായി വർധിച്ചു. രണ്ടുവർഷത്തിനിടെ 31,587 ഹെക്ടറിന്റെ വർധന.

2011-12നുശേഷം സംസ്ഥാനത്ത് രണ്ടുലക്ഷം ഹെക്ടറിന് മുകളിലേക്ക് കൃഷിഭൂമിയുടെ വിസ്തീർണം ഉയർന്നിട്ടില്ല. നിലവിൽ 2019 ഏപ്രിൽ വരെയുള്ള കണക്കാണ് കേരള ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് പുറത്തുവിട്ടത്. 2018-19 അവസാനിക്കുമ്പോൾ ഇത് 2.20 ലക്ഷം ഹെക്ടർ വരെ വർധിക്കുമെന്നാണ് നിഗമനം. അങ്ങനെ വന്നാൽ വർധന 50,000 ഹെക്ടറാകും.

കൃഷിഭൂമിക്കുപുറമേ വിളവെടുപ്പിലും റെക്കോഡ് വർധനയാണ്. പ്രളയത്തിന്റെ ഫലമായി ഒഴുകിയെത്തിയ എക്കൽ നെൽച്ചെടികളുടെ വളർച്ചയ്ക്ക് സഹായകരമായി. ഹെക്ടറിന് ശരാശരി അഞ്ചുടൺ വിളവ് കിട്ടിയ സ്ഥാനത്ത് ശരാശരി ഏഴര ടൺ വിളവ് ലഭിച്ചു.

2017-18ലെ കൃഷിഭൂമിയുടെ കണക്കിൽ ജില്ലാ അടിസ്ഥാനത്തിൽ പാലക്കാടാണ് ഒന്നാമത്. 2016-17ൽ ജില്ലയിൽ 65,513 ഹെക്ടറിലായിരുന്നു കൃഷി. 2017-18ൽ 75,276 ഹെക്ടറായി. 9763 ഹെക്ടർ വർധന. രണ്ടാമത്തെത്തിയ ആലപ്പുഴയിൽ 2016-17നെ അപേക്ഷിച്ച് 11.93 ശതമാനം വർധനയുണ്ടായി. നെല്ലുത്‌പാദനത്തിൽ പിന്നിലുള്ള ഇടുക്കിയിൽ 2016-17ൽ 695 ഹെക്ടറായിരുന്നത് 2017-18ൽ 825 ഹെക്ടറായി വർധിച്ചു.

കൃഷിഭൂമി (ഹെക്ടറിൽ)

2013-14 1,99,611

2014-15 1,98,159

2015-16 1,96,870

2016-17 1,71,398

2017-18 1,89,086

2018-19 (2019 ഏപ്രിൽ വരെ) 2,08,160

2018-19 പ്രതീക്ഷിക്കുന്നത് 2.20 ലക്ഷം ഹെക്ടർ

ലക്ഷ്യം മൂന്നുലക്ഷം ഹെക്ടർ

2021-ഓടെ സംസ്ഥാനത്ത് മൂന്നുലക്ഷം ഹെക്ടറിലേക്ക് കൃഷിഭൂമി വർധിപ്പിക്കുകയാണ് ലക്ഷ്യം. സർക്കാരിന്റെ നേട്ടമാണിത്. എൽ.ഡി.എഫ്. അധികാരത്തിലെത്തിയ വർഷംതന്നെ നെല്ല് വർഷമായി ആചരിച്ച് ഇതിന്റെ പ്രാരംഭനടപടികൾ തുടങ്ങിയിരുന്നു. ഇന്ന് നെൽകൃഷി ലാഭകരമായ ജോലിയായി. ഹെക്ടറിന് 57,000 രൂപ വരെ സർക്കാർ സഹായം നൽകുന്നു. നിലവിൽ 90,000 ഹെക്ടർ ഭൂമിയാണ് തരിശ്. നിലവിൽ 40,000 ഹെക്ടറിൽ കൃഷിയിറക്കി. സർക്കാരിന്റെ ഇച്ഛാശക്തിക്ക് പുറമേ കൃഷിവകുപ്പിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെ കൂട്ടായ പ്രവർത്തനങ്ങൾ ലക്ഷ്യത്തിലേക്ക് നയിച്ചു.

-വി.എസ്. സുനിൽകുമാർ, കൃഷിമന്ത്രി

content highlights: after floods paddy farmers in Kuttanad reap bumper harvest,floods has increased the fertility of the soil