
കരയില്‍ ജീവിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഒച്ചുകളാണ് ആഫ്രിക്കന്‍ ഒച്ചുകള്‍. കുട്ടികളില്‍ തലച്ചോറിനെ ബാധിക്കുന്ന ഇസ്‌നോഫിലിക് മെനഞ്ചൈറ്റിസ് എന്ന രോഗത്തിന് കാരണമായ വിരയുടെ വാഹകരാണ് ഇവ. ലോകത്തിലെ ഏറ്റവും ഉപദ്രവകാരികളായ അധിനിവേശ ജീവികളില്‍ ഒന്നായാണ് ആഫ്രിക്കന്‍ ഒച്ചിനെ കണക്കാക്കുന്നത്.
കേരളത്തില്‍ 10 ജില്ലകളിലായി 125 ഇടങ്ങളില്‍ ഇവ വ്യാപിച്ചതായി വനഗവേഷണ കേന്ദ്രം ഏതാനും വര്‍ഷം മുമ്പ് നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. കോട്ടയം, ഇടുക്കി, തൃശ്ശൂര്‍, വയനാട് ജില്ലകളിലാണ് അന്ന് ഒച്ചിനെ കണ്ടെത്താതിരുന്നത്. സമാധിദശയിലിരിക്കുന്ന ആഫ്രിക്കന്‍ ഒച്ചുകള്‍ മണ്ണിനടിയില്‍നിന്ന് പുറത്തു വരുന്നത് മഴക്കാലത്താണ്. ഇവ കൃഷിയിടങ്ങളില്‍ വിളവുകള്‍ തിന്നുതീര്‍ക്കും. കോണ്‍ക്രീറ്റ് നിര്‍മ്മിതമായ വസ്തുക്കളില്‍ പറ്റിപ്പിടിച്ചിരിക്കുകയും മതിലുകള്‍ക്കും വീടുകള്‍ക്കും ബലക്ഷയം ഉണ്ടാക്കുകയും ചെയ്യും.
പുകയിലയും തുരിശും ചേര്‍ന്ന മിശ്രിതം തളിക്കുന്നതിലൂടെ ഇവയെ നിയന്ത്രിക്കാമെന്നാണ് വനഗവേഷണ കേന്ദ്രത്തിലെ വിദഗ്ധര്‍ പറയുന്നത്. ബോധവത്കരണ പ്രവര്‍ത്തനങ്ങളും ജനകീയ കൂട്ടായ്മ രൂപവല്‍ക്കരിക്കലും വ്യാപകമാക്കാനാണ് വനഗവേഷണ കേന്ദ്രത്തിന്റെ പരിപാടി. ആഫ്രിക്കന്‍ ഒച്ചിനെ കാണുന്ന സ്ഥലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനും സംശയ നിവാരണത്തിനും വനഗവേഷണ കേന്ദ്രവുമായി ബന്ധപ്പെടാം. ഫോണ്‍ : 0487 2690222, 0487 2690320. ഇ-മെയില്‍: africannsailkerala@gmail.com