തൊടുപുഴ: മദ്യപാനിയായ മകൻ അപായപ്പെടുത്തുമെന്ന് ഭയന്ന് വയോധിക ദമ്പതിമാർ ആശുപത്രിയിൽ അഭയം തേടി. ഇവർക്ക് സംരക്ഷണം ഒരുക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഇടപെട്ടു.

വെങ്ങല്ലൂർ സ്വദേശിയായ മുൻ ബാങ്ക് ജീവനക്കാരനാണ് മനുഷ്യാവകാശ കമ്മിഷന് പരാതി നൽകിയത്. തൊണ്ണൂറുകാരനായ ഇദ്ദേഹത്തെയും അർബുദരോഗിയായ ഭാര്യയെയും മദ്യത്തിനും മറ്റ് ലഹരിക്കും അടിമയായ മകൻ പണത്തിന് വേണ്ടി ഉപദ്രവിക്കുന്നെന്ന് പരാതിയിൽ പറയുന്നു. ഭാര്യയ്ക്ക് 85 വയസുണ്ട്.

ഓഗസ്റ്റ് 19-ന് ആയുധം ഉപയോഗിച്ച് ഇയാൾ മാതാപിതാക്കളെ മർദിച്ചു. സാരമായ പരിക്കേറ്റ ഇവർ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ചികിത്സക്കുശേഷം ഡിസ്ചാർജ് ചെയ്യാനുള്ള നടപടിയും തുടങ്ങിയിരുന്നു. മകൻ വീട്ടിലുള്ളതിനാൽ തിരികെ പോകാൻ ഇവർക്ക് ഭയം. ഇപ്പോൾ ആശുപത്രിയിൽ തുടരുകയാണ്.

പോലീസിൽ അന്നുതന്നെ പരാതി നൽകിയിരുന്നു. നടപടിയൊന്നുമുണ്ടായില്ല. തുടർന്നാണ് മനുഷ്യവകാശ കമ്മിഷനെ സമീപിച്ചത്. നാലാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്ന് ജില്ലാ പോലീസ് മേധാവിയോട് മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ ആന്റണി ഡോമിനിക് ആവശ്യപ്പെട്ടിട്ടുണ്ട്.