ഭരണഘടനാ ധാർമികത എന്നത് ഭരണഘടന നിർവചിച്ചിട്ടില്ലെന്നും ഇതിനെപ്പറ്റി വ്യക്തതവരുത്തേണ്ടതുണ്ടെന്നും ഉത്തരവിൽ പറയുന്നത് പഴയ വിധിന്യായത്തിന്റെ വിമർശനാത്മകമായ പുനരവലോകനം അനിവാര്യമാക്കുന്നു.

ശബരിമല കേസിൽ പുനഃപരിശോധനാ ഹർജിക്കാരുടെ ഭാഗത്തുനിന്ന്‌ ഉന്നയിക്കപ്പെട്ടതും ശബരിമല വ്യവഹാരപാതയിൽ ഉടനീളം ഉയർന്നുവന്നതുമായ മൗലികമായ കുറെ വിഷയങ്ങൾ ശബരിമല പുനഃപരിശോധനാ ഹർജിയിലെ വിധിന്യായത്തിലൂടെ പുനർജനിച്ചിരിക്കുകയാണ്. 2017-ൽ അന്നത്തെ ചീഫ് ജസ്റ്റിസ് ദിപക് മിശ്ര അധ്യക്ഷനായ മൂന്നംഗബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരമാണ് ശബരിമല കേസ് ഒരു അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്കുവിട്ടത്. അന്ന് മേൽപ്പറഞ്ഞ ഉത്തരവിൽ ഉന്നയിക്കപ്പെട്ട ചോദ്യങ്ങളിൽനിന്ന് വ്യത്യസ്ത സ്വഭാവത്തിലുള്ള ചോദ്യങ്ങളാണ് ഇപ്പോൾ ഉന്നയിക്കപ്പെട്ടിരിക്കുന്നത് എന്നതുതന്നെ പുനഃപരിശോധനയുടെ വ്യാപ്തി വ്യക്തമാക്കുന്നു.

ഭരണഘടനാ ധാർമികതയോ?

ശബരിമല വിധിന്യായത്തിൽ ഭരണഘടനയുടെ 25, 26 എന്നീ അനുച്ഛേദങ്ങളിൽ പരാമർശിക്കുന്ന സദാചാരം/ധാർമികത എന്നത് വെറും സാമൂഹിക സദാചാരമോ വിശ്വാസപരമായ സദാചാരമോ അല്ലെന്നും ഭരണഘടനാ സദാചാരമാണെന്നും സുപ്രീംകോടതി പ്രഖ്യാപിക്കുകയുണ്ടായി. പതിന്നാലാം അനുച്ഛേദം വിഭാവനം ചെയ്യുന്ന ലിംഗസമത്വം ഭരണഘടനാ സദാചാരത്തിന്റെ ഭാഗമാണെന്നും കോടതി കണ്ടെത്തുകവഴി മതാചാരസ്വാതന്ത്ര്യം ലിംഗസമത്വത്തിനു വഴിതുറക്കണമെന്ന്‌ ഭരണഘടനാ ബെഞ്ച് അനുശാസിച്ചു. യുവതീപ്രവേശത്തിന് വഴിതെളിക്കുന്ന ഈ സുപ്രധാനമായ കണ്ടെത്തലിനുനേരെ ചോദ്യങ്ങളുയർത്തുകയാണ് ഇപ്പോൾ പുനഃപരിശോധനാ ഹർജിയിലൂടെ സുപ്രീംകോടതി ചെയ്തിരിക്കുന്നത്. ഭരണഘടനാ ധാർമികത എന്നത് ഭരണഘടന നിർവചിച്ചിട്ടില്ലെന്നും ഇതിനെപ്പറ്റി വ്യക്തതവരുത്തേണ്ടതുണ്ടെന്നും ഉത്തരവിൽ പറയുന്നത് പഴയ വിധിന്യായത്തിന്റെ വിമർശനാത്മകമായ പുനരവലോകനം അനിവാര്യമാക്കുന്നു. 25, 26 അനുച്ഛേദങ്ങളിൽ പറയുന്ന സദാചാരം ഭരണഘടനയുടെ മുഖവുരയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ധാർമികതയാണോ അതോ മതവിശ്വാസവുമായി ബന്ധപ്പെട്ട പരിമിതമായ സദാചാരമാണോ എന്ന് കണ്ടത്തേണ്ടതായിട്ടുണ്ട് എന്ന നിഷ്‌കർഷ പഴയ വിധിയുടെ പൊളിച്ചെഴുതലിലേക്ക്‌ സാധ്യതകൾ തുറക്കുന്ന ഒന്നാണ്.

കോടതിക്ക് പരിമിതിയുണ്ടോ?

മതവിശ്വാസത്തിന്റെ അനിവാര്യഘടകമാണോ ഒരു അനുഷ്ഠാനം എന്ന് കോടതികൾക്ക് പരിശോധിക്കാൻ കഴിയുമോ അതോ പ്രസ്തുതവിഷയം മതത്തിന്റെയോ ഉപമതത്തിന്റെയോ അധിപന്റെ തീരുമാനത്തിനായി വിട്ടുകൊടുക്കുന്നതാണോ ഉചിതം എന്ന ചോദ്യം മൂന്നംഗബെഞ്ച് ഉന്നയിച്ച ചോദ്യങ്ങളുടെ നിർമിതിയിലെ അനുമാനങ്ങൾക്ക്‌ വിരുദ്ധമാണ് എന്നത് പ്രസക്തമാണ്. കോടതിക്ക് മേൽപ്പറഞ്ഞ വിഷയം പരിശോധിക്കാൻ കഴിയും എന്ന അനുമാനത്തിൽനിന്ന് ഉടലെടുത്ത ചോദ്യങ്ങൾക്കാണ് ശബരിമല വിധിയിലൂടെ കഴിഞ്ഞവർഷം സുപ്രീംകോടതി ഉത്തരം നൽകിയത്. കോടതികളുടെ പരിമിതികളെക്കുറിച്ചുള്ള ഒരു അർഥപൂർണമായ അന്വേഷണത്തിന് പുതിയ ചോദ്യം വഴിതെളിച്ചേക്കാം.

പൊതുതാത്‌പര്യ ഹർജികൾ അനുവദനീയമോ?

മതവിഭാഗത്തിലോ ഉപമതവിഭാഗത്തിലോ ഉൾപ്പെടാത്ത വ്യക്തികളാൽ വിരാചിതമാകുന്ന വ്യവഹാരങ്ങൾ കോടതികൾ ഫയലിൽ സ്വീകരിക്കേണ്ടതായുണ്ടോ എന്നത് സംബന്ധിച്ച്‌ ഉയർത്തിയ ചോദ്യം ശബരിമല വ്യവഹാരത്തിന്റെതന്നെ കടന്നുവരവിനെക്കുറിച്ച്‌ ഒരു പരിശോധനയിലേക്കു നയിച്ചേക്കാം .

കോടതി ഉന്നയിക്കുന്ന ഏഴു ഭരണഘടനാ ചോദ്യങ്ങൾ വിശാലബെഞ്ചിന്റെ പരിഗണനയ്ക്കുവരും. മറ്റു സമാനമായ വിഷയങ്ങൾ പരിഗണിക്കുന്ന വിശാലബെഞ്ച് കോടതി ഇപ്പോൾ ഉയർത്തിയിരിക്കുന്ന ചോദ്യങ്ങളും പരിശോധിക്കുന്നുണ്ടാകും. അതിനുശേഷം റിവ്യൂ ഹർജികളും റിട്ട് ഹർജികളും വീണ്ടും അഞ്ചംഗ ബെഞ്ചിന്റെ പരിഗണനയ്ക്കുവരും. പക്ഷേ, വിശാലബെഞ്ചിന്റെ പരിഗണനയ്ക്ക് വിഷയങ്ങൾ വരുമ്പോൾ ശബരിമല പുനഃപരിശോധനാ ഹർജിയിലെ കക്ഷികളുടെ വാദമുഖങ്ങൾ വേണമെങ്കിൽ ഏഴംഗ ബെഞ്ചിന് പുതിയതായി കേൾക്കാനും കഴിയുമെന്നും കോടതി ഉത്തരവിലൂടെ സൂചിപ്പിക്കുക

പുനർവാദത്തിന്റെ സാധ്യതയുടെ വാതായനങ്ങൾ തുറക്കുന്നു. അതിനോടൊപ്പംതന്നെ 1965-ലെ കേരളത്തിന്റെ പൊതു ആരാധനാച്ചട്ടങ്ങൾ ശബരിമല ക്ഷേത്രത്തിനു ബാധകമാണോ എന്നും പരിശോധിക്കാം എന്ന് സുപ്രീംകോടതി ഇപ്പോൾ പറയുമ്പോൾ, 3 (ബി) എന്ന ചട്ടം ഭരണഘടനാവിരുദ്ധം ആണെങ്കിൽക്കൂടി ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കപ്പെടാമോ എന്ന വിഷയവും വിശാലബെഞ്ച് പരിഗണിക്കും എന്നത് പുനഃപരിശോധനാ ഹർജികളിൽ പ്രഖ്യാപിച്ചിരിക്കുന്ന വിധിയുടെ വ്യാപ്തിയും സാധ്യതകളും സൂചിപ്പിക്കുന്നു.

Content Highlights: advocate mr abilash writes about sabarimala review verdict