ശബരിമല കേസിലെ റിവ്യൂ ഹർജികൾ വിശാലബെഞ്ചിനുവിട്ട സുപ്രീംകോടതി നടപടി അദ്‌ഭുതകരമാണ്. പുനഃപരിശോധനയുമായി ബന്ധപ്പെട്ട നിയമതത്ത്വങ്ങൾക്കും നടപടിക്രമങ്ങൾക്കും കടകവിരുദ്ധമായ ഉത്തരവാണ് ഇപ്പോൾ സുപ്രീംകോടതിയിൽനിന്നുണ്ടായിരിക്കുന്നത്.

കൃത്യവും നിയതവുമായ കാരണങ്ങളുടെ അടിസ്ഥാനത്തിൽ വളരെ അപൂർവമായി മാത്രം സംഭവിക്കുന്ന കാര്യമാണ് വിധിയുടെ പുനഃപരിശോധന. വിധിയിൽ പ്രകടമായ പിശകോ പാളിച്ചയോ ഉണ്ടെങ്കിൽ അവ തിരുത്തുന്നതിനുള്ള നടപടിക്രമം മാത്രമാണ് റിവ്യൂ ഹർജി എന്നത്. അതല്ലാതെ ഒരു വിധിയിൽ നിഗമനങ്ങൾ മൊത്തം മാറ്റി അതിന് വിപരീതമായ നിഗമനത്തിൽ എത്തണമെന്ന് ആവശ്യപ്പെടാൻ റിവ്യൂ ഹർജി വഴി കഴിയുകയില്ല. സിവിൽ നടപടിക്രമമനുസരിച്ചുള്ള സുപ്രീംകോടതി നടപടിക്രമവുമായി ബന്ധപ്പെട്ട ചട്ടങ്ങളനുസരിച്ച് പുനഃപരിശോധനയുമായി ബന്ധപ്പെട്ട് തെളിഞ്ഞുവരുന്ന നിയമതത്ത്വം ഇതാണ്. അതുകൊണ്ട്, ഒരു വിധി മൊത്തത്തിൽ മാറ്റിയെഴുതണമെന്നും അതിൽ പറഞ്ഞ മുഴുവൻ കാര്യങ്ങളും വീണ്ടുമൊരു നീതിന്യായ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ആവശ്യപ്പെടാൻ അപ്പീൽ ഫയൽ ചെയ്യുകയാണ് വേണ്ടത്.

ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരേ നിയമപ്രകാരം ഒരു അപ്പീൽ ഫയൽ ചെയ്യുക സാധ്യമല്ല.

കോടതി ഒരുതവണ കല്പിച്ച വിധി വിശാലബെഞ്ചിന് അയക്കണമോ എന്ന കാര്യം ഒരു പുനഃപരിശോധനാ ഹർജിയിൽ തീരുമാനിക്കേണ്ട വിഷയംപോലുമല്ല. പഴയ വിധിയിൽ പ്രകടമായ പാളിച്ചയുടെ അടിസ്ഥാനത്തിൽ പുനഃപരിശോധന വേണമോ എന്ന കാര്യം മാത്രമേ, റിവ്യൂ ഹർജിയുടെ വിഷയമാകാൻ പാടുള്ളൂ. ഇത്തരമൊരു നിയമതത്ത്വത്തിന് കൃത്യമായ കാരണവുമുണ്ട്. കോടതിവിധികൾ വന്നുകഴിഞ്ഞാൽ അത് എപ്പോൾ വേണമെങ്കിലും എങ്ങനെ വേണമെങ്കിലും അതേ കോടതിക്കുതന്നെ മാറ്റിയെഴുതാം എന്ന നില വന്നുകഴിഞ്ഞാൽ, വ്യവഹാരങ്ങൾക്ക് കൃത്യമായ പരിസമാപ്തിയുണ്ടാവുകയില്ല. അതുപോലെത്തന്നെ, വ്യവഹാരങ്ങളുടെ ഫലപ്രാപ്തിയുടെ കാര്യത്തിൽ സുനിശ്ചിതത്വവും കൃത്യതയും അന്തിമസ്വഭാവവുമുണ്ടാകണമെങ്കിൽ കോടതികൾതന്നെ അക്കാര്യത്തിൽ ശുഷ്‌കാന്തി പുലർത്തേണ്ടതുണ്ട്. റിവ്യൂ ഹർജികൾ കേസുകളെ വിശാലബഞ്ചിന് അയക്കുന്നതിനുള്ള കാരണമായി സ്വീകരിച്ചുകഴിഞ്ഞാൽ, നിയമപരമായ കാര്യങ്ങളിൽ തികഞ്ഞ അനിശ്ചിതത്വമായിരിക്കും ഫലം.

യഥാർഥത്തിൽ, ഭരണഘടനയനുസരിച്ച്, സുപ്രധാന നിയമ വിഷയങ്ങളിൽ സുനിശ്ചിതത്വമുണ്ടാക്കുന്നതിന് വേണ്ടിക്കൂടിയാണ് ഭരണഘടനാ ബെഞ്ച് രൂപവത്‌കരിക്കുന്നതും കേസുകളിൽ തീരുമാനമെടുക്കുന്നതും. ശബരിമല കേസിൽ അത്തരമൊരു തീരുമാനമാണ് കഴിഞ്ഞ വർഷം സെപ്റ്റംബർ 28-നുണ്ടായത്. ഇത്ര ലാഘവത്തോടെ ആ വിധി വിശാലബെഞ്ചിന് അയച്ചത് തീർച്ചയായും വിചിത്രവും അസാധാരണവുമായ നടപടിക്രമം തന്നെയാണ്.

ഖാൻവിൽക്കറുടെ നിലപാട് മാറ്റം

കൂടുതൽ കൗതുകകരമായിട്ടുള്ള കാര്യം മുമ്പ്‌ യുവതീപ്രവേശത്തിന് അനുകൂലമായി വിധിയെഴുതിയ ജസ്റ്റിസ് ഖാൻവിൽക്കർ തികച്ചും വിപരീതമായ നിലപാട് സ്വീകരിച്ച് അദ്ദേഹംതന്നെ മുമ്പെഴുതിയ അഭിപ്രായങ്ങളെ നിരാകരിച്ചു എന്നുള്ളതാണ്. ഈ രീതിയിലുള്ള നിലപാടുമാറ്റത്തിന് എന്തെങ്കിലും മതിയായ കാരണങ്ങളുണ്ടോ എന്നകാര്യം അദ്ദേഹം ഇപ്പോഴത്തെ ഉത്തരവിൽ കൃത്യമായി വിവരിച്ചിട്ടുമില്ല. രണ്ടു ന്യായാധിപരെങ്കിലും പഴയ വിധിയിൽ ഉറച്ചുനിന്നു എന്നുള്ളതാണ് തെല്ലെങ്കിലും ആശ്വാസകരമായ ഏകകാര്യം.

ശബരിമലപോലുള്ള വിഷയങ്ങളിൽ ഭരണഘടനയിൽ വിവരിച്ച ലിംഗനീതിക്കും മറ്റും എതിരായ മതവിശ്വാസങ്ങൾക്ക് പ്രസക്തിയില്ല എന്നതാണ് കഴിഞ്ഞവർഷത്തെ വിധിനൽകുന്ന സന്ദേശം. മതവിശ്വാസവുമായി ബന്ധപ്പെട്ട അഥവാ ഇതരമതങ്ങളുമായി ബന്ധപ്പെട്ട മറ്റുചില കേസുകൾ സുപ്രീംകോടതിയിൽ നിലവിലുണ്ട് എന്നത് ഭരണഘടനാ ബെഞ്ചിന്റെ വിധി വിശാലബെഞ്ചിന് അയക്കാനുള്ള നിയമപരമായ ന്യായീകരണമേ അല്ല. അങ്ങനെവന്നാൽ വിശ്വാസവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ആ കാരണം കൊണ്ടുമാത്രം സമയബന്ധിതമായ നീതിന്യായപരിശോധനയ്ക്ക് വിധേയമാക്കാൻ കഴിയാത്ത അവസ്ഥയുണ്ടാകും. അങ്ങനെ സംഭവിക്കാൻ പാടില്ലാത്തതാണ്. ഇതരമതവിഭാഗങ്ങളുമായി ബന്ധപ്പെട്ട കേസുകളിലെ വിഷയവും ശബരിമല കേസിലെ വിഷയവും തമ്മിൽ അടിസ്ഥാനപരമായ വ്യത്യാസമുണ്ട്. ഈ കാര്യം അറിയാതെയാണ് ഭരണഘടനാബെഞ്ച് മുന്പ്‌ വിധിപറഞ്ഞതെന്നും കരുതാവുന്നതല്ല. മാത്രവുമല്ല, ഓരോരോ കേസും ആ കേസിലുന്നയിക്കപ്പെട്ട സവിശേഷ പ്രശ്നങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനിക്കപ്പെടേണ്ടത്. അത്തരമൊരു തീരുമാനം ശബരിമല കേസിൽ കഴിഞ്ഞ വർഷംതന്നെ ഉണ്ടായിക്കഴിഞ്ഞതുമാണ്.

ഭൂരിപക്ഷഹിതമാവരുത് കോടതിവിധി

പൊതുജനാഭിപ്രായത്തിന്റെ അടിസ്ഥാനത്തിലോ ഭൂരിപക്ഷഹിതത്തിന്റെ പേരിലോ ഒരിക്കലും കോടതിവിധികൾ മാറ്റിയെഴുതാവുന്നതല്ല. ബ്രൗൺ vs ബോർഡ് ഓഫ് എജ്യുക്കേഷൻ കേസിൽ അമേരിക്കൻ സുപ്രീംകോടതി വിധിപറഞ്ഞത് 1954-ലാണ്. കറുത്തവർഗക്കാർക്കും വെളുത്തവർഗക്കാർക്കും പ്രത്യേകം പ്രത്യേകം സ്കൂളുകൾ പ്രവർത്തിപ്പിക്കുന്ന രീതി ഭരണഘടനാ വിരുദ്ധമാണെന്നും സർക്കാരിന്റെ ഉടമസ്ഥതയിലുള്ള മുഴുവൻ വിദ്യാഭ്യാസസ്ഥാപനങ്ങളിലും കറുത്തവർഗക്കാർക്കുകൂടി പ്രവേശനത്തിന് അവകാശമുണ്ടെന്നും വ്യക്തമാക്കിയ വിപ്ലവകരമായ വിധിയായിരുന്നു അത്. എന്നാൽ, അന്നത്തെ അമേരിക്കൻ സമൂഹം വിശേഷിച്ചും വെളുത്തവർഗക്കാർ ആ വിധി സ്വീകരിക്കാനോ അംഗീകരിക്കാനോ തയ്യാറായിരുന്നില്ല. വിധി പുറത്തുവന്ന് വർഷങ്ങൾക്കുശേഷവും സാമാന്യ ജനങ്ങളുടെ സമീപനത്തിൽ മാറ്റമുണ്ടായില്ല. വർഷങ്ങൾ കഴിഞ്ഞതിനുശേഷവും അലബാമ എന്ന പ്രവിശ്യയിലെ ഗവർണർ പരസ്യമായി വിധിയെ ചോദ്യംചെയ്യുകയും സർവകലാശാലയിൽ പ്രവേശനത്തിനുവന്ന കറുത്തവർഗക്കാരായ വിദ്യാർഥികളെ ശാരീരികമായിത്തന്നെ തടയുകയും ചെയ്തു. എന്നാൽ, അദ്ദേഹത്തെ ഗവർണർ സ്ഥാനത്തുനിന്ന് നീക്കുകയാണ് അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ചെയ്തത്. അക്കാലത്ത് ആ രാജ്യം മുഴുവൻ പ്രതിഷേധം അലയടിച്ചിട്ടും തുല്യതയെ സംബന്ധിക്കുന്ന ഭരണഘടനാ തത്ത്വങ്ങളുടെ അടിസ്ഥാനത്തിൽ പറഞ്ഞ വിധി പുനഃപരിശോധിക്കാൻ അമേരിക്കൻ സുപ്രീംകോടതി തയ്യാറായില്ല. എന്നാൽ, പിൽക്കാലത്ത് വിധിയുടെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വെളുത്തവനെപ്പോലെത്തന്നെ കറുത്തവർക്കും അവകാശങ്ങൾ വകവെച്ചുകൊടുക്കേണ്ടിവന്നു. അതുവഴി വിദ്യാഭ്യാസ മേഖലയിലെ വംശീയവിവേചനം ഇല്ലാതായി. തുല്യനീതിയുമായി ബന്ധപ്പെട്ട് ലോകചരിത്രത്തിലുണ്ടായിട്ടുള്ള ഏറ്റവും ശ്രദ്ധേയമായ വിധി എന്നനിലയിലാണ് ബ്രൗൺ കേസിലെ വിധി ഇപ്പോൾ വിലയിരുത്തപ്പെടുന്നത്. നിർഭാഗ്യകരമെന്ന് പറയട്ടെ, ഇത്തരത്തിലുള്ള ഒരു സ്ഥിരത ശബരിമല വിധിയുടെ കാര്യത്തിൽ ഇന്ത്യൻ സുപ്രീംകോടതിക്ക് കാണിക്കാൻ കഴിഞ്ഞില്ല.

സ്റ്റേ ഇല്ലെന്നത് ആശ്വാസം

ആശ്വാസകരമായ മറ്റൊരു കാര്യം പഴയ കേസിലെ വിധി ഇപ്പോഴത്തെ ഉത്തരവിൽ സ്റ്റേചെയ്തിട്ടില്ല എന്നതാണ്. അതുകൊണ്ട് നിയമപരമായും സാങ്കേതികമായും കഴിഞ്ഞ വർഷത്തെ വിധി നിലനിൽക്കുകയാണ്. അതായത്, പ്രായഭേദമെന്യേ സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശിക്കാമെന്നതാണ് ഇപ്പോഴത്തെ ഇതുസംബന്ധിച്ച അവസ്ഥ. ഈ അവസ്ഥയിൽ കാര്യങ്ങൾ ഏതുനിലയിലാണ് കൈകാര്യം ചെയ്യപ്പെടുക എന്നത് ഇപ്പോൾ പറയാൻ കഴിയുന്ന കാര്യമല്ല. ഏതായാലും ശബരിമല കേസിൽ ഇപ്പോൾ കോടതി എടുത്ത സമീപനം നാളിതുവരെ പ്രചാരത്തിലുള്ള നിയമതത്ത്വങ്ങൾക്കും ഭരണഘടനാ തത്ത്വങ്ങൾക്കും അനുപൂരകമല്ല. വിധിയിൽ സന്തോഷിക്കാൻ ഏറെയൊന്നും വകകാണുന്നില്ല. എന്നാൽ, സന്തോഷിക്കാതിരിക്കാൻ ഒട്ടേറെ നിയമപരമായ കാരണങ്ങളുണ്ടുതാനും.

Content Highlights: advocate kaleeshwaram raj writes about sabarimala review verdict