തിരുവനന്തപുരം: ആദിവാസിവിഭാഗത്തിൽനിന്ന് 500 പേരെ വനംവകുപ്പിൽ വൈൽഡ് ലൈഫ് വാച്ചർമാരായി പി.എസ്.സി. വഴി നിയമിക്കുമെന്ന് മന്ത്രി കെ. രാജു. ഇതിനുള്ള നടപടി സ്വീകരിക്കാൻ പി.എസ്.സി.യോട് ആവശ്യപ്പെട്ടിട്ടുണ്ട്. ‌കാട്ടുതീ തടയാൻ കൂടുതൽ വാച്ചർമാരെ നിയമിക്കുന്ന കാര്യം പരിശോധിക്കുമോയെന്ന ഇ.എസ്. ബിജിമോളുടെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം പറഞ്ഞത്.

വന്യമൃഗങ്ങളുടെ ആക്രമണം നേരിടുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കും. വയനാട്ടിൽ 800 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാനാണ് പദ്ധതി. ഇതിന് കേന്ദ്രസഹായമുണ്ട്. പത്തുലക്ഷം രൂപയാണ് ഒരു കുടുംബത്തിന് നൽകുന്നത്. ശബരിമല മാസ്റ്റർപ്ലാൻ അനുസരിച്ച് നിർമാണം നടത്താൻ വനംവകുപ്പിന്റെ എതിർപ്പുണ്ടാവില്ല. ഭൂഗർഭ കേബിൾവഴിമാത്രമേ വൈദ്യുതി എത്തിക്കാൻ പാടുള്ളൂവെന്നും മന്ത്രി പറഞ്ഞു.

Content Highlights: Adivasi,forest department