കൊല്ലം : കാണാതായവരെ കണ്ടെത്താൻ ആധാർ അധിഷ്ഠിത സോഫ്‌റ്റ്‌വേർ പദ്ധതി എന്ന ആശയം കേന്ദ്ര സർക്കാരിന്റെ പരിഗണനയിൽ. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴിലുള്ള ഡൽഹിയിലെ പ്രോജക്ട്‌ ബ്യൂറോ ഓഫ് പോലീസ് റിസർച്ച് ഡെവലപ്പ്‌മെന്റ് വിശകലനം നടത്തിയതിനുശേഷം എല്ലാ സംസ്ഥാനങ്ങളിലെയും ഡി.ജി.പി.മാർക്ക് അയച്ചുകൊടുത്തു. പരവൂർ െപാഴിക്കര സ്വദേശിയായ അജു സൈഗാൾ പ്രധാനമന്ത്രിക്ക്‌ അയച്ചുകൊടുത്ത പ്രോജക്ട് റിപ്പോർട്ടിനെ തുടർന്നാണ് നടപടി.

അഭിപ്രായങ്ങളും നിർദേശങ്ങളും സമർപ്പിക്കാനും വേണ്ട നടപടി കൈക്കൊള്ളാനും ആവശ്യപ്പെട്ടാണ് ഡി.ജി.പി.മാർക്കുള്ള കത്ത്. ഇതിന്റെ പകർപ്പ് കഴിഞ്ഞദിവസം അജു സൈഗാളിനും ലഭിച്ചു. പരവൂർ സ്വദേശിയായ അജു സൈഗാൾ സമർപ്പിച്ച പദ്ധതി ഒറ്റപ്പെട്ടുപോയ കുട്ടികളെ രക്ഷിതാക്കളിലെത്തിക്കാനും ഭിക്ഷാടന മാഫിയയിൽനിന്നു കുട്ടികളെ രക്ഷിക്കാനും അജ്ഞാത ജഡങ്ങൾ പെട്ടെന്ന് തിരിച്ചറിയാനും പോലീസിനെ സഹായിക്കാനുദ്ദേശിച്ചുള്ളതായിരുന്നു. ഇതുപ്രകാരം എല്ലാ പോലീസ് സ്റ്റേഷനുകളിലും ബയോമെട്രിക് സ്കാൻ സൗകര്യമുള്ള ഫോണോ ടാബോ വാങ്ങണമെന്നു മാത്രമേയുള്ളൂ. ഇത് ആധാറുമായി ബന്ധപ്പെടുത്താനുള്ള അനുമതിനേടിയാൽ അജ്ഞാത ജഡം തിരിച്ചറിയുന്നതും ഒറ്റപ്പെട്ടുപോയ കുട്ടികളുടെ രക്ഷിതാക്കളെ കണ്ടെത്തുന്നതും പോലീസിന് എളുപ്പമാകും. ഭിക്ഷാടന മാഫിയയുടെ കൈയിൽപ്പെട്ടുപോയ കുട്ടികളെ രക്ഷിതാക്കളിലെത്തിക്കാനും എളുപ്പം പറ്റും. അപകടങ്ങളിൽ ബോധം നഷ്ടപ്പെട്ട് ആശുപത്രിയിലെത്തിക്കുന്നവരുടെ ബന്ധുക്കളെ കണ്ടെത്തുന്നതും എളുപ്പമാകും. ഇങ്ങനെ കണ്ടെത്തുമ്പോൾത്തന്നെ വിലാസത്തിന് അടുത്തുള്ള പോലീസ് സ്റ്റേഷനുകളിലേക്കും വിവരം എത്തുന്നരീതിയിൽ സോഫ്റ്റ്‌വേർ ഉണ്ടാക്കാനുള്ള ആശയവും അജു മുന്നോട്ടുവെച്ചിരുന്നു.

സംസ്ഥാന മുഖ്യമന്ത്രിയുടെ പരിഗണനയ്ക്കായി ഈ പദ്ധതി സമർപ്പിച്ചിരുന്നു. വിഷയത്തെക്കുറിച്ച് പഠിക്കാനായി മുഖ്യമന്ത്രി ഇത് ഐ.ടി. സെക്രട്ടറിക്ക് അയച്ചിട്ടുണ്ട്.

റേഷൻ കാർഡിലെ അനർഹരെ കണ്ടെത്താനും ക്ഷേമപെൻഷനുകളിലെ ഇരട്ടിപ്പുകൾ കണ്ടെത്തി തിരുത്താനും സർക്കാരിനെ സഹായിച്ച് മന്ത്രിമാരുടെ അഭിനന്ദനംനേടിയ അജു സൈഗാൾ, ധനകാര്യവകുപ്പിനുകീഴിൽ കരാറടിസ്ഥാനത്തിൽ പ്രോജക്ട് കോ-ഓർഡിനേറ്ററായി ജോലിചെയ്യുകയാണ്.