കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിനുശേഷവും അവരെ മോശക്കാരിയാക്കാന്‍ ദിലീപ് ആസൂത്രിതമായി ശ്രമിച്ചെന്ന് കുറ്റപത്രം. ആക്രമണത്തിനിരയായ നടിയോട് ദിലീപിന് കടുത്തശത്രുതയുണ്ടായിരുന്നെന്ന് സമര്‍ഥിക്കുന്ന തെളിവുകളാണ് പോലീസ് കുറ്റപത്രത്തില്‍ നിരത്തിയിരിക്കുന്നത്.

നടിയുടെ ജാഗ്രതക്കുറവാണ് സംഭവത്തിനു കാരണമായതെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു ദിലീപിന്റെ ശ്രമം. ജാഗ്രതക്കുറവിനെപ്പറ്റി സിനിമാരംഗത്തുള്ള പലരിലൂടെയും പ്രചാരണം നടത്തി. നടിയെ മോശക്കാരിയാക്കി ചിത്രീകരിക്കാന്‍ സമൂഹമാധ്യമങ്ങളെ ഉപയോഗപ്പെടുത്തി. സിനിമാമേഖലയിലെ ചിലരെയും തന്റെ സ്വാധീനമുപയോഗിച്ച് ഇത്തരം പ്രചാരണങ്ങള്‍ക്കായി ഉപയോഗിച്ചു. ആക്രമണത്തിനുശേഷവും ദിലീപിന് നടിയോട് കടുത്തപകയുണ്ടെന്ന് തെളിയിക്കുന്നതാണ് ഈ സംഭവങ്ങള്‍.

നടിയെ ആക്രമിച്ചവര്‍ ദിലീപില്‍ പൂര്‍ണമായി വിശ്വസിച്ചു. ദിലീപിന്റെ സ്വാധീനംമൂലം നടി പരാതിപ്പെടില്ലെന്നായിരുന്നു ഒന്നാം പ്രതി സുനിയുള്‍പ്പെടെ ധരിച്ചത്. ആക്രമണത്തിനുശേഷം സുനിയും വിജേഷും കാവ്യാമാധവന്റെ വസ്ത്രവ്യാപാരസ്ഥാപനത്തില്‍ എത്തിയിരുന്നു. ഇക്കാര്യം സ്ഥാപനത്തിലെ ജീവനക്കാരന്‍ കാവ്യയുടെ വീട്ടിലുള്ള ഒരാളെ അറിയിച്ചു. എന്നാല്‍, ഇക്കാര്യം മറച്ചുവയ്ക്കാനായിരുന്നു അവരുടെ നിര്‍ദേശം.

ദിലീപിന്റെ കുടുംബജീവിതം തകര്‍ത്തതിന്റെ പകയാണ് നടിക്കെതിരെയുള്ള ആക്രമണത്തില്‍ കലാശിച്ചതെന്ന് പറയുന്ന കുറ്റപത്രത്തില്‍ അതിന്റെ ഒരുക്കങ്ങളും കൃത്യമായി ചൂണ്ടിക്കാട്ടുന്നുണ്ട്. 2013-ല്‍ താരസംഘടനയായ 'അമ്മ'യുടെ താരനിശയില്‍ ഉണ്ടായ വാക്കേറ്റത്തിനുശേഷമാണ് നടിയെ ആക്രമിക്കാന്‍ ദിലീപ് സുനിക്ക് ക്വട്ടേഷന്‍ നല്‍കിയത്. 2013-ലും അതിനുശേഷവും സുനിക്കെതിരേ രണ്ടു കേസുകള്‍ വന്നതാണ് പദ്ധതിക്ക് തടയിട്ടത്. കേസുകള്‍ വന്നതോടെ സുനി ഒളിവില്‍പ്പോയി.

സുനി പിന്നീട് കോടതിയില്‍ കീഴടങ്ങുകയും സെപ്റ്റംബറില്‍ പുറത്തിറങ്ങുകയും ചെയ്തശേഷമാണ് നടിയെ ആക്രമിക്കാന്‍ വീണ്ടും പദ്ധതിയിട്ടത്. എന്നാല്‍, നടിയുടെ അച്ഛന്‍ എപ്പോഴും ഷൂട്ടിങ് ലൊക്കേഷനുകളിലുണ്ടായിരുന്നതിനാല്‍ നടക്കാതെപോയി. പിന്നീട് നടിയുടെ അച്ഛന്റെ മരണശേഷമാണ് സുനി ക്വട്ടേഷന്‍ നടപ്പാക്കാന്‍ പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്തതെന്നും കുറ്റപത്രത്തില്‍ പറയുന്നു.