കൊച്ചി/പിറവം: സിനിമയിലെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ പരിക്കേറ്റ നടൻ ടൊവിനോ തോമസ് ആശുപത്രിയിൽ നിരീക്ഷണത്തിൽ. പരിക്ക് ഗുരുതരമല്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാർ പറഞ്ഞു. പിറവത്തിനടുത്ത് ഏഴക്കരനാട് വെട്ടിത്തറയിൽ ’കള’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയായിരുന്നു അപകടം.
തിങ്കളാഴ്ച സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ വയറിന് ചവിട്ടേറ്റിരുന്നു. എന്നാൽ, വലിയ പ്രശ്നം തോന്നാതിരുന്നതിനാൽ ബുദ്ധിമുട്ടുകൾ അവഗണിച്ച് ടൊവിനോ ഷൂട്ടിങ് തുടർന്നു. വയറുവേദനയും അസ്വസ്ഥതകളും കൂടിയപ്പോഴാണ് ബുധനാഴ്ച രാവിലെ പത്തു മണിയോടെ പാലാരിവട്ടത്ത് റിനൈ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചത്.
24 മണിക്കൂർ നിരീക്ഷണത്തിനു വേണ്ടിയാണ് തീവ്രപരിശോധനാ വിഭാഗത്തിലാക്കിയത്.
ആന്തരിക രക്തസ്രാവമുണ്ടായോ എന്നറിയാൻ ടെസ്റ്റുകൾ നടത്തി. പരിശോധനാ ഫലം വന്നാലേ ഉള്ളിൽ പരിക്കുകളുണ്ടോ എന്നറിയാനാവൂ. പിറവം ഏഴക്കരനാട് വെട്ടിത്തറയിൽ മാർ മിഖായേൽ പള്ളിക്കു സമീപം ഒരു വീട്ടിൽ ഏതാനും ആഴ്ചകളായി ‘കള’ സിനിമയുടെ ചിത്രീകരണം നടന്നുവരികയാണ്. സെറ്റും ഇട്ടിട്ടുണ്ട്. കാഴ്ചക്കാരുടെയും മറ്റും തിരക്ക് ഒഴിവാക്കാൻ ജാഗ്രതയോടെയാണ് ചിത്രീകരണം. നടി ദിവ്യ പിള്ളയും ബുധനാഴ്ച വെട്ടിത്തറയിലുണ്ടായിരുന്നു.
സംഘട്ടനത്തിന് പ്രാധാന്യമുള്ള ചിത്രത്തിന്റെ സംവിധായകൻ ബി.എസ്. രോഹിത് ആണ്. കഴിഞ്ഞ വർഷം ’എടക്കാട് ബറ്റാലിയൻ’ എന്ന ചിത്രത്തിന്റെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ ടൊവിനോയ്ക്ക് പൊള്ളലേറ്റിരുന്നു.