തിരുവനന്തപുരം: രണ്ടുപതിറ്റാണ്ടിലേറെയായി അഭിനയരംഗത്തുള്ള പ്രമുഖ സീരിയൽ നടൻ രമേശ് വലിയശാലയെ (54) തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെ വലിയശാലയിലെ വീട്ടിലെ മുറിയിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവസമയത്ത് ഭാര്യ മിനിയും അവരുടെ മകൾ ശ്രുതിയും ഷോപ്പിങ്ങിനായി പുറത്തുപോയതായിരുന്നു.

കണ്ണൻ താമരക്കുളത്തിന്റെ ‘വരാൽ’ സിനിമയിൽ അഭിനയിച്ചശേഷം കൊച്ചിയിൽനിന്ന് രണ്ടുദിവസം മുൻപാണു വീട്ടിലെത്തിയത്. രമേശിന്റെ ആദ്യഭാര്യയായ ഗീതാകുമാരി മൂന്നുവർഷംമുമ്പ് അർബുദം ബാധിച്ച് മരിച്ചിരുന്നു. മകൻ ഗോകുൽ രമേശ് കാനഡയിൽനിന്നെത്തിയശേഷം തിങ്കളാഴ്ച സംസ്കാര ചടങ്ങുകൾ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു. മരുമകൾ: ആര്യ.

തനിക്ക് കുടുംബപ്രശ്നങ്ങളുണ്ടായിരുന്നെന്നും താൻ മരിക്കുമെന്നും രമേശ് സുഹൃത്തുക്കൾക്ക് സൂചന നൽകിയിരുന്നതായും തമ്പാനൂർ സി.ഐ. എസ്. സനോജ് പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുമെന്നും അദ്ദേഹം അറിയിച്ചു.

‘മായാമാളവം’ മുതൽ ‘പൗർണമിത്തിങ്കൾ’ വരെ

നാടകത്തിലൂടെ കലാരംഗത്തെത്തിയ രമേശ് 22 വർഷമായി സീരിയൽരംഗത്ത് സജീവമായിരുന്നു. യൂണിവേഴ്‌സിറ്റി കോളേജിൽ പഠിക്കുമ്പോഴാണ് നാടകത്തിൽ സജീവമായത്. സഹപാഠിയായിരുന്ന സംവിധായകൻ ഡോ. ജനാർദനന്റെ ‘മായാമാളവം’ എന്ന ടെലിസിനിമയിലൂടെ അരങ്ങേറ്റം. വയലാർ മാധവൻകുട്ടി സംവിധാനം ചെയ്ത് ദൂരദർശൻ സംപ്രേഷണം ചെയ്ത ‘ബലികുടീരങ്ങളുടെ പ്രണയസംഗീതം’ ആദ്യ സീരിയൽ. മലയാളത്തിലെ ആദ്യകാല മെഗാസീരിയൽ ആയിരുന്ന ദൂരദർശനിലെ ‘ജ്വാലയായി’ലെ അലക്സ് എന്ന വേഷമാണ് രമേശിനെ ശ്രദ്ധേയനാക്കിയത്. രഹസ്യം, വജ്രം, വസുന്ധര മെഡിക്കൽസ്, വേളാങ്കണ്ണി മാതാവ്, കടമറ്റത്ത് കത്തനാർ, ആകാശദൂത്, അമ്മ, സാലഭഞ്ജിക, കാണാക്കുയിൽ, മഞ്ഞുരുകുംകാലം, സ്വാതിനക്ഷത്രം ചോതി, വിവാഹിത, അലകൾ, പാടാത്ത പൈങ്കിളി, താമരത്തുമ്പി തുടങ്ങിയ ജനപ്രിയപരമ്പരകളിൽ പ്രധാന വേഷങ്ങൾ ചെയ്തു.

തമിഴിൽ ‘ആർവം’ എന്ന ചിത്രത്തിലും അഭിനയിച്ചു. ‘പൗർണമിത്തിങ്കളാ’ണ് അവസാന പരമ്പര.