തിരുവനന്തപുരം: പല ഭാവങ്ങൾ നിറഞ്ഞാടിയ മുഖം ശാന്തമായിരുന്നു. ഒരുപാട് യാത്രകൾക്കൊടുവിലെ വിശ്രമംപോലെ. അയ്യങ്കാളി ഹാളിൽ പ്രിയനടനെ അവസാനമായി കാണാൻ ഈറൻ കണ്ണുകളുമായി സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ എത്തി.

രാവിലെ പത്തേകാലോടെ ഭൗതികദേഹം പൊതുദർശനത്തിന് അയ്യങ്കാളി ഹാളിൽ കൊണ്ടുവന്നപ്പോൾ അന്തരീക്ഷം മൂടിക്കെട്ടി നിൽക്കുകയായിരുന്നു. പക്ഷേ, മഴ മാറിനിന്നു. അപ്പോഴേക്കും പ്രിയനടനെ കാണാൻ സുഹൃത്തുക്കളുടെയും സിനിമാപ്രേമികളുടെയും ഒഴുക്കുതുടങ്ങിയിരുന്നു. മന്ത്രിമാരായ സജി ചെറിയാൻ, വി. ശിവൻകുട്ടി, സിനിമാരംഗത്തുനിന്ന് കമൽ, മധുപാൽ, സുരേഷ് കുമാർ, രഞ്ജിത്ത്, മണിയൻപിള്ള രാജു, ഇടവേള ബാബു തുടങ്ങിയവർ മുഴുവൻ സമയവും ഹാളിലുണ്ടായിരുന്നു.

11 മണിക്ക് പോലീസിന്റെ ഗാർഡ് ഓഫ് ഓണർ. പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ ആദരാഞ്ജലികൾ അർപ്പിക്കാനെത്തി. സ്പീക്കർ എം.ബി. രാജേഷും മിക്ക മന്ത്രിമാരും എം.എൽ.എ.മാരും അയ്യങ്കാളി ഹാളിലെത്തി ആദരാഞ്ജലികളർപ്പിച്ചു. സംവിധായകരായ അടൂർ ഗോപാലകൃഷ്ണൻ, കെ. മധു, രഞ്ജി പണിക്കർ, കവി മധുസൂദനൻ നായർ, പ്രഭാവർമ, എഴുത്തുകാരൻ സി.വി. ബാലകൃഷ്ണൻ, വിനോദ് വൈശാഖി, നടന്മാരായ ശ്രീനിവാസൻ, മുകേഷ്, ടി.പി. മാധവൻ, വിനീത്, വിനായകൻ, സുധീർ കരമന, മേനക, ജലജ, മായാ വിശ്വനാഥ്, പ്രേംകുമാർ, ഷോബി തിലകൻ, മണിക്കുട്ടൻ, ജി. കൃഷ്ണകുമാർ, ഭാഗ്യലക്ഷ്മി, കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ, ജോൺ ബ്രിട്ടാസ് എം.പി., എം.എം. ഹസൻ, സി. ദിവാകരൻ, എം. വിജയകുമാർ, കാനം രാജേന്ദ്രൻ, ഒ. രാജഗോപാൽ, പാലോട് രവി, സി.പി. ജോൺ, മേയർ ആര്യ രാജേന്ദ്രൻ, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാർ, ബിനോയ് വിശ്വം എം.പി., എന്നിവരും പാളയം ഇമാം വി.പി. സുഹൈബ് മൗലവി, മാർ ബസേലിയോസ് ക്ലിമിസ് കാതോലിക്ക ബാവ, ഗുരുരത്‌നം ജ്ഞാനതപസ്വി തുടങ്ങി ആയിരക്കണക്കിനാളുകൾ പ്രിയനടനെ ഒരു നോക്കു കാണാനെത്തി.

നീ തന്നെ ജീവിതം സന്ധ്യേ

നീ തന്നെ മരണവും...

: ‘‘നീ തന്നെ ജീവിതം സന്ധ്യേ, നീ തന്നെ മരണവും സന്ധ്യേ... ഒരു ജീവിതത്തിന്റെ ഒരു സൗഹൃദത്തിന്റെ മൃതി മുദ്ര നീയതിൽ കാണും’’ -തന്റെ പ്രിയ പാട്ടുകൾ കേട്ടുകൊണ്ട്, ശാന്തമായി ഉറങ്ങുംമട്ടിൽ മലയാളത്തിന്റെ പ്രിയ നടന്റെ അവസാനയാത്ര. കൂട്ടുകാർ ഇഷ്ട വായ്ത്താരികൾ ഒന്നൊന്നായി പാടിക്കൊണ്ടിരുന്നു. അയ്യങ്കാളി ഹാളിലെ പൊതുദർശന വേദിയിലാണ് നെടുമുടി വേണുവിന്റെ സുഹൃത്തുക്കൾ ഗാനാർച്ചന നടത്തിയത്.

ഗുരുവായ കാവാലം നാരായണപ്പണിക്കരുടെ മരണദിവസം അദ്ദേഹത്തിന്റെ പ്രിയ ഗാനങ്ങൾ പാടിക്കൊണ്ടായിരുന്നു നെടുമുടിവേണുവിന്റെ നേതൃത്വത്തിൽ സഹപ്രവർത്തകർ അദ്ദേഹത്തെ യാത്രയാക്കിയത്. ആ ദിവസംതന്നെ നെടുമുടി കൂട്ടുകാരോട് തന്റെ ആഗ്രഹവും പങ്കുവെച്ചു: ‘‘എന്നെയും ഇതുപോലെ ആഘോഷത്തോടെ യാത്രയാക്കണം. ആരും കരഞ്ഞ് ബഹളമാക്കേണ്ട.’’ ഈ ഓർമയിലാണ് ‘സോപാനം’ നാടക സംഘാംഗങ്ങൾ കാവാലത്തിന്റെ വായ്ത്താരികളടക്കം നെടുമുടിക്ക് പ്രിയപ്പെട്ട പാട്ടുകൾ പാടിയത്. കാവാലം ശ്രീകുമാർ, കാവാലം സജീവ്, നടൻ കൃഷ്ണൻ ബാലകൃഷ്ണൻ, സജികുമാർ, കെ. ശിവകുമാർ തുടങ്ങിയവരായിരുന്നു പാട്ടുകൾ കൊണ്ട് അഞ്ജലിയർപ്പിച്ചത്.