കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് ക്രൈംബ്രാഞ്ച് എടുത്ത പുതിയ കേസിൽ നടൻ ദിലീപ് നൽകിയ മുൻകൂർജാമ്യാപേക്ഷ ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കാൻമാറ്റി.

ക്രൈംബ്രാഞ്ച് മുദ്രവെച്ച കവറിൽ ഹാജരാക്കിയ ഒാഡിയോ ക്ലിപ്പും സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയും പരിശോധിക്കാനാണ് ജസ്റ്റിസ് പി. ഗോപിനാഥ് ഹർജി പരിഗണിക്കുന്നത് മാറ്റിയത്. ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലല്ലേ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് കോടതി ചോദിച്ചു.

ഹർജി വീണ്ടും പരിഗണിക്കുന്നതുവരെ ദിലീപിന് സംരക്ഷണം നൽകാനാണ് ഉദ്ദേശിക്കുന്നതെന്നു കോടതി വ്യക്തമാക്കി. ചൊവ്വാഴ്ചവരെ മറ്റുനടപടികൾ ഉണ്ടാകില്ലെന്ന് സർക്കാർ അറിയിച്ചതിനെത്തുടർന്ന് ഇക്കാര്യത്തിൽ കോടതി ഉത്തരവൊന്നും പുറപ്പെടുവിച്ചില്ല.

വ്യാഴാഴ്ച പോലീസ് ദിലീപിന്റെ വീട്ടിലും സ്ഥാപനത്തിലും നടത്തിയ പരിശോധന ചൂണ്ടിക്കാട്ടി ഇക്കാര്യത്തിൽ ഉത്തരവ് വേണമെന്ന് ദിലീപിന്റെ അഭിഭാഷകൻ വാദിച്ചു. എന്നാൽ, കോടതിയിൽനിന്നുള്ള വാറന്റിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്ന് സർക്കാർ വ്യക്തമാക്കി.

വാറന്റ് ഉണ്ടായിരുന്നെങ്കിലും മതിലൊക്കെ ചാടിക്കടന്നാണ് പോലീസ് പരിശോധനയ്ക്ക് എത്തിയതെന്ന് ദിലീപിന്റെ അഭിഭാഷകൻ വാദിച്ചു. അറസ്റ്റുചെയ്യില്ലെന്ന് സർക്കാർ അറിയിച്ചതിനാൽ ഉത്തരവ് ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.

ദിലീപിനുപുറമേ സഹോദരൻ പി. ശിവകുമാർ (അനൂപ്), സഹോദരീഭർത്താവ് ടി.എൻ. സൂരജ്, ദിലീപിന്റെ ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. അപ്പുവും ബൈജുവും കേസിലെ നാലും അഞ്ചും പ്രതികളാണ്. എല്ലാ ഹർജികളും ഒന്നിച്ച് ചൊവ്വാഴ്ച പരിഗണിക്കും.